< Back
Entertainment
കോവിഡ് ബാധിച്ചല്ല സാഗര്‍ മരിച്ചത്,മാധ്യമങ്ങള്‍ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കൂ; മീനയുടെ ഭര്‍ത്താവിന്‍റെ മരണത്തില്‍ ഖുശ്ബു
Entertainment

കോവിഡ് ബാധിച്ചല്ല സാഗര്‍ മരിച്ചത്,മാധ്യമങ്ങള്‍ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കൂ; മീനയുടെ ഭര്‍ത്താവിന്‍റെ മരണത്തില്‍ ഖുശ്ബു

Web Desk
|
29 Jun 2022 11:41 AM IST

മാധ്യമങ്ങളോട് ഞാൻ വളരെ താഴ്മയോടെ അഭ്യർത്ഥിക്കുന്നു

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍(48) അന്തരിച്ചത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചാണ് സാഗര്‍ മരിച്ചതെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ കോവിഡ് ബാധിച്ചല്ല സാഗറിന്‍റെ മരണം ദീര്‍ഘനാളായി അദ്ദേഹം ശ്വാസകോശരോഗബാധിതനായിരുന്നുവെന്നും നടി ഖുശ്ബു ട്വീറ്റ് ചെയ്തു.

''മാധ്യമങ്ങളോട് ഞാൻ വളരെ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ കൊടുക്കണം. മൂന്ന് മാസം മുമ്പാണ് മീനയുടെ ഭർത്താവിന് കോവിഡ് ബാധിച്ചത്. കോവിഡ് ശ്വാസകോശത്തിന്‍റെ അവസ്ഥ വഷളാക്കി. കോവിഡ് മൂലമാണ് സാഗര്‍ മരിച്ചതെന്ന തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തരുത്. നമ്മള്‍ ജാഗ്രത പാലിക്കുക തന്നെ വേണം..എന്നാല്‍ തെറ്റായ സന്ദേശം പകര്‍ന്നുകൊണ്ടായിരിക്കരുത്'' ഖുശ്ബു ട്വീറ്റ് ചെയ്തു.

''ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കേട്ടുകൊണ്ടാണ് ഇന്ന് രാവിലെ എഴുന്നേറ്റത്. മീനയുടെ ഭര്‍ത്താവ് മരിച്ചെന്ന വാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നുപോയി. സാഗര്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ല. ദീർഘനാളായി ശ്വാസകോശ രോഗവുമായി മല്ലിടുകയായിരുന്നു. ജീവിതം ക്രൂരമാണ്. വാക്കുകള്‍ക്ക് അതീതമാണ് സങ്കടം. കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു'' മറ്റൊരു ട്വീറ്റില്‍ ഖുശ്ബു കുറിച്ചു.

''വിദ്യാസാഗറിന്‍റെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. മീനക്കും മുഴുവൻ കുടുംബത്തിനും എന്‍റെ ഹൃദയംഗമമായ അനുശോചനം! മുന്നോട്ടുള്ള ജീവിതത്തില്‍ അവർക്ക് എല്ലാ ശക്തിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു'' തെലുങ്ക് നടന്‍ വെങ്കിടേഷ് ട്വീറ്റ് ചെയ്തു.

2009ലായിരുന്നു ബെംഗളൂരു ബിസിനസുകാരനായ വിദ്യാസാഗറും മീനയും തമ്മിലുള്ള വിവാഹം. നൈനിക എന്നൊരു മകളും ഇവര്‍ക്കുണ്ട്. ബാലതാരമായ നൈനിക വിജയ് നായകനായ തെരി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

Related Tags :
Similar Posts