< Back
Entertainment
Hrithik Roshan

ഋത്വിക് റോഷന്‍,പ്രഭാസ് ,രാജമൗലി

Entertainment

പ്രഭാസിന്‍റെ മുന്നില്‍ ഋത്വിക് റോഷന്‍ ഒന്നുമല്ല; തന്‍റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് രാജമൗലി

Web Desk
|
16 Jan 2023 1:39 PM IST

2008ല്‍ പ്രഭാസ് നായകനായ ബില്ല റിലീസ് ചെയ്ത സമയത്താണ് രാജമൗലി പ്രഭാസിനെയും ഋത്വികിനെയും താരതമ്യം ചെയ്തുകൊണ്ട് സംസാരിച്ചത്

തെലുങ്ക് നടന്‍ പ്രഭാസിന്‍റെ മുന്നില്‍ ബോളിവുഡ് താരം ഋത്വിക് റോഷന്‍ ഒന്നുമല്ലെന്ന തന്‍റെ പ്രസ്താവന തെറ്റായിരുന്നുവെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി. അതു നല്ല വാക്കുകള്‍ ആയിരുന്നില്ലെന്നും താനതു സമ്മതിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2008ല്‍ പ്രഭാസ് നായകനായ ബില്ല റിലീസ് ചെയ്ത സമയത്താണ് രാജമൗലി പ്രഭാസിനെയും ഋതികിനെയും താരതമ്യം ചെയ്തുകൊണ്ട് സംസാരിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു. ''ധൂം രണ്ടാംഭാഗം റിലീസ് ചെയ്തപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു, ബോളിവുഡിന് എങ്ങിനെയാണ് ഇത്രയും നിലവാരമുള്ള സിനിമ എടുക്കാന്‍ സാധിക്കുന്നതെന്ന്?ഋത്വികിനെപ്പോലുള്ള നടന്‍മാര്‍ എന്താണ് നമുക്ക് ഇല്ലാത്തതെന്ന്? എന്നാല്‍ ബില്ലയുടെ ട്രയിലര്‍ കണ്ടപ്പോള്‍ മനസ്സിലായി. പ്രഭാസിന്‍റെ മുന്‍പില്‍ ഋത്വിക് ഒന്നുമല്ല. തെലുങ്ക് സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് എത്തിച്ച മെഹര്‍ രമേഷിന് (സംവിധായകന്‍) അഭിനന്ദനങ്ങള്‍'' എന്നായിരുന്നു രാജമൗലി പറഞ്ഞത്. ആര്‍.ആര്‍.ആറിന് ഗോള്‍ഡന്‍ ഗ്ലോബും ക്രിട്ടിക്സ് ചോയിസ് പുരസ്കാരവും ലഭിച്ച സമയത്ത് സംവിധായകന്‍റെ പഴയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാവുകയായിരുന്നു.

ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ അവാർഡിന്‍റെ റെഡ് കാർപെറ്റിൽ വച്ചാണ് രാജമൗലി വിവാദത്തില്‍ വിശദീകരണം നല്‍കിയത്. "അത് വളരെക്കാലം മുമ്പായിരുന്നു. ഏകദേശം 15-16 വർഷങ്ങൾക്ക് മുമ്പാണത്. അതെ..എന്‍റേത് നല്ല വാക്കുകളായിരുന്നില്ല. ഞാനത് സമ്മതിച്ചേ മതിയാകൂ. അദ്ദേഹത്തെ ഒരിക്കലും തരംതാഴ്ത്തുക എന്നതായിരുന്നില്ല എന്‍റെ ലക്ഷ്യം. അദ്ദേഹത്തെ ഞാനൊരുപാട് ബഹുമാനിക്കുന്നുണ്ട്'' രാജമൗലി പറഞ്ഞു.

Similar Posts