Entertainment
പാ.രഞ്ജിത്ത് സിനിമയുടെ ചിത്രീകരണത്തിനിടെ കാര്‍ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട് മാസ്റ്റര്‍ മരിച്ചു
Entertainment

പാ.രഞ്ജിത്ത് സിനിമയുടെ ചിത്രീകരണത്തിനിടെ കാര്‍ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട് മാസ്റ്റര്‍ മരിച്ചു

Web Desk
|
14 July 2025 11:23 AM IST

കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്

ചെന്നൈ: പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട് മാസ്റ്റർ മരിച്ചു. സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം രാജു എന്ന മോഹന്‍ രാജ് ആണ് മരിച്ചത്. കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്.

ആര്യ നായകനായ 'വേട്ടുവൻ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ഇന്നലെയാണ് അപകടം. കാര്‍ ചെയ്‌സ് ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് എസ് യുവി മറിയുകയായിരുന്നു. റാമ്പില്‍ കയറി ചാടുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെ, റാമ്പില്‍ കയറുന്നതിന് മുന്‍പ് നിയന്ത്രണം വിട്ട് കാര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നിരവധി സിനിമകളില്‍ രാജുവിനൊപ്പം പ്രവര്‍ത്തിച്ച നടന്‍ വിശാല്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ''എനിക്ക് രാജുവിനെ വര്‍ഷങ്ങളായി അറിയാം, എന്‍റെ സിനിമകളില്‍ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെ ധീരനായ വ്യക്തിയായിരുന്നു. എന്‍റെ അഗാധമായ അനുശോചനം, അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.''- വിശാല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. സഹ സ്റ്റണ്ട് കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവയും രാജുവിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. "ഞങ്ങളുടെ മികച്ച കാർ ജമ്പിംഗ് സ്റ്റണ്ട് ആർട്ടിസ്റ്റുകളിൽ ഒരാളായ എസ്.എം രാജു ഇന്ന് കാർ സ്റ്റണ്ട് ചെയ്യുന്നതിനിടെ മരിച്ചു. ഞങ്ങളുടെ സ്റ്റണ്ട് യൂണിയനും ഇന്ത്യൻ ചലച്ചിത്ര വ്യവസായവും അദ്ദേഹത്തെ മിസ്സ് ചെയ്യും." അദ്ദേഹം കുറിച്ചു.

തമിഴ് ചലച്ചിത്രമേഖലയിലെ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള സ്റ്റണ്ട് മാസ്റ്ററായിരുന്നു രാജു. നിരവധി ചിത്രങ്ങൾക്കു വേണ്ടി ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ചെയ്തിട്ടുണ്ട്.

Similar Posts