< Back
Entertainment
Suresh Gopi

സുരേഷ് ഗോപി

Entertainment

തൃശൂര്‍ എടുക്കുമെന്നല്ല, നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞത്: സുരേഷ് ഗോപി

Web Desk
|
13 Sept 2023 8:17 AM IST

ടാസ് നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്വാഗത പ്രാസംഗികൻ സുരേഷ് ഗോപിയുടെ പഴയ പ്രസംഗത്തെപ്പറ്റി പരാമർശിച്ചപ്പോഴാണ് ഉദ്ഘാടകനായ സുരേഷ് ഗോപിയുടെ വിശദീകരണം

തൃശൂര്‍: തൃശൂര്‍ എടുക്കുമെന്നല്ല, നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് താന്‍ പറഞ്ഞതെന്ന് നടന്‍ സുരേഷ് ഗോപി. ടാസ് നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്വാഗത പ്രാസംഗികൻ സുരേഷ് ഗോപിയുടെ പഴയ പ്രസംഗത്തെപ്പറ്റി പരാമർശിച്ചപ്പോഴാണ് ഉദ്ഘാടകനായ സുരേഷ് ഗോപിയുടെ വിശദീകരണം. ‘തൃശൂർ‌ നിങ്ങൾ തരികയാണെങ്കിൽ തൃശൂരിനെ ഇഷ്ടപ്പെടുന്ന താൻ അത് എടുക്കുമെന്നാ’ണ് ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ.. തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം.. ' ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സുരേഷ് ഗോപിയുടെ വാക്കുകളാണിത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.

നാടകങ്ങളിൽ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണെന്നും രാഷ്ട്രീയത്തള്ള് ഉത്സവങ്ങളായി നാടകങ്ങൾ മാറുമ്പോഴാണ് പ്രേക്ഷകർ നാടകങ്ങളിൽ നിന്നും അകലുന്നതെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാടകങ്ങളിൽ ദൈവങ്ങളെ വിമർശിക്കുന്നത് വേദനിപ്പിച്ചിരുന്നില്ല. എന്നാൽ പ്രത്യേക ലക്ഷ്യത്തോടെ ദൈവങ്ങളെ കുറ്റം പറയുന്നത് സഹിക്കാനാകില്ല. വിശ്വാസികൾ തുമ്മിയാൽ പിടിച്ചു നിൽക്കാനാകില്ലെന്ന് ഓർമ്മയിരിക്കട്ടെയെന്നും സുരേഷ് ​ഗോപി പറഞ്ഞു. സിനിമയെക്കാള്‍ നാടകത്തിനാണ് സ്വാധീനശേഷിയെന്നും 14 ജില്ലകളിലും നാടകങ്ങളും വിതരണക്കമ്പനികളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ദൃശ്യവേദിയുടെ 'നേരിന്‍റെ കാവലാള്‍' എന്ന നാടകത്തിന്റെ അവതരണത്തോടെയാണ് 27-ാമത് ടാസ് നാടകോത്സവത്തിന് തുടക്കമായത്. ഫ്രാന്‍സിസ് ടി മാവേലിക്കരയെഴുതിയ നാടകം സംവിധാനം ചെയ്തത് വത്സന്‍ നിസരിയാണ്. 21-ന് ടാസ് നാടകോത്സവം സമാപിക്കും.

Similar Posts