< Back
Entertainment
ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ ക്രൈം ത്രില്ലര്‍: തങ്കം ചിത്രീകരണം തുടങ്ങി
Entertainment

ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ ക്രൈം ത്രില്ലര്‍: തങ്കം ചിത്രീകരണം തുടങ്ങി

ijas
|
29 May 2022 7:26 PM IST

ഫഹദിനും ജോജുവിനും പകരക്കാരനായാണ് ബിജു മേനോനും വിനീത് ശ്രീനിവാസനും വരുന്നത്

ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ സഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന തങ്കം സിനിമയുടെ ചിത്രീകരണം തുടങ്ങി. ക്രൈം ത്രില്ലര്‍ സ്വഭാവത്തില്‍ വരുന്ന ചിത്രത്തില്‍ ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി, ഉണ്ണിമായ പ്രസാദ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും നേതൃത്വം നല്‍കുന്ന വര്‍ക്കിംഗ് ക്ലാസ് ഹീറോസും, ഭാവന സ്റ്റുഡിയോയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍റെ രചനയില്‍ ഒരുങ്ങുന്ന ചിത്രവുമാണ് തങ്കം.

ഫഹദ് ഫാസിലിനെയും ജോജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 2019 ഒക്ടോബറില്‍ പ്രഖ്യാപിച്ച ചിത്രമായിരുന്നു തങ്കം. ഫഹദിനും ജോജുവിനും പകരക്കാരനായാണ് ബിജു മേനോനും വിനീത് ശ്രീനിവാസനും വരുന്നത്. ബിജിപാലിന്‍റേതാണ് സംഗീതം. കിരണ്‍ ദാസ് എഡിറ്റിംഗ് നിര്‍വ്വഹിക്കും. ഗോകുല്‍ ദാസിന്‍റേതാണ് കലാസംവിധാനം. തീരം എന്ന സിനിമയാണ് സഹീദ് അറഫാത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയത്.

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം 'തങ്കം' സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു. അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ച ശ്യാം പുഷ്കരന്‍, മികച്ച സംവിധായകന്‍ ദിലീഷ് പോത്തന്‍, നടന്‍ ബിജു മേനോന്‍, ജനപ്രിയ ചിത്രത്തിന്‍റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, കലാസംവിധായകന്‍ ​ഗോകുല്‍ ദാസ്, സ്വഭാവനടി ഉണ്ണിമായ പ്രസാദ് എന്നിവര്‍ ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടിരുന്നത്. ഹൃദയം സിനിമക്കാണ് വിനീത് ശ്രീനിവാസന് സംസ്ഥാന പുരസ്കാരം ലഭിച്ചത്. ജോജിയിലൂടെ ശ്യാം പുഷ്കരനും ദിലീഷ് പോത്തനും ഉണ്ണിമായ പ്രസാദിനും പുരസ്കാരം ലഭിച്ചു. തുറമുഖത്തിന്‍റെ കലാസംവിധാനത്തിനാണ് ഗോകുല്‍ദാസിന് പുരസ്കാരം ലഭിച്ചത്. 'ആര്‍ക്കറിയാം' ബിജുമേനോനെയും പുരസ്കാരത്തിന് അര്‍ഹനാക്കി.

Similar Posts