< Back
Entertainment
കാറിന്‍റെ ബ്രേക്ക് തകരാറിലാക്കി,വിഷം തന്നു;   ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലിനു ശേഷം  തന്നെ പല തവണ കൊല്ലാന്‍ ശ്രമിച്ചതായി തനുശ്രീ ദത്ത
Entertainment

കാറിന്‍റെ ബ്രേക്ക് തകരാറിലാക്കി,വിഷം തന്നു; ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലിനു ശേഷം തന്നെ പല തവണ കൊല്ലാന്‍ ശ്രമിച്ചതായി തനുശ്രീ ദത്ത

Web Desk
|
23 Sept 2022 1:00 PM IST

ഉജ്ജയിനിൽ ആയിരിക്കുമ്പോൾ തന്‍റെ കാറിന്‍റെ ബ്രേക്ക് പലതവണ തകരാറിലായതായി നടി വെളിപ്പെടുത്തി

മുംബൈ: ലൈംഗികാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനു പിന്നാലെ തനിക്കെതിരെ നിരവധി തവണ വധശ്രമങ്ങള്‍ ഉണ്ടായതായി ബോളിവുഡ് നടി തനുശ്രീ ദത്ത. വിഷം തന്നും കാറിന്‍റെ ബ്രേക്കുകള്‍ തകരാറിലാക്കിയുമാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് നടി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഉജ്ജയിനിൽ ആയിരിക്കുമ്പോൾ തന്‍റെ കാറിന്‍റെ ബ്രേക്ക് പലതവണ തകരാറിലായതായി നടി വെളിപ്പെടുത്തി. അടുത്തിടെ ഒരു അപകടമുണ്ടായി. ധാരാളം രക്തം നഷ്ടപ്പെട്ടതിനാല്‍ അതില്‍ നിന്നും കര കയറാന്‍ രണ്ടു മാസമെടുത്തു. ഒരിക്കല്‍ തന്നെ ആരോ വിഷം തന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും തനുശ്രീ ആരോപിച്ചു. ''എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നാനാ പടേക്കറും അദ്ദേഹത്തിന്‍റെ അഭിഭാഷകരും കൂട്ടാളികളും ബോളിവുഡ് മാഫിയ സുഹൃത്തുക്കളും ഉത്തരവാദികളാണെന്ന് അറിയിക്കട്ടെ. ആരാണീ ബോളിവുഡ് മാഫിയ? എസ്.എസ്.ആർ കേസുകളുമായി ബന്ധപ്പെട്ട് പതിവായി ഉയര്‍ന്നുവരാറുള്ള പേരുകളാണ് അവര്‍. അവരുടെ സിനിമകൾ കാണരുത്, അവരെ പൂർണ്ണമായും ബഹിഷ്കരിക്കുക, കഠിനമായ പ്രതികാരത്തോടെ അവരെ പിന്തുടരുക'' തനുശ്രീ കൂട്ടിച്ചേര്‍ത്തു.

2018ല്‍ നടന്‍ നാനാ പടേക്കറിനെതിരെയുള്ള തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇന്ത്യയില്‍ മീടു ക്യാമ്പയിന്‍ ആളിക്കത്തുന്നത്. 2008ല്‍ 'ഹോണ്‍ ഓകെ പ്ലീസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ നാനാ പടേക്കര്‍ തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ ആരോപണം. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്തു. നിരവധി പേര്‍ തങ്ങള്‍ക്ക് നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്നുപറയുകയും ചെയ്തു.

Similar Posts