
'അങ്ങോട്ട് മാറിനിൽക്ക്'; സ്റ്റേജിൽ നടി അഞ്ജലിയെ പിടിച്ചുതള്ളി ബാലയ്യ, വിമർശനം
|ഗ്യാങ്സ് ഓഫ് ഗോദാവരി ചിത്രത്തിന്റെ പ്രൊമോഷനുമയി ബന്ധപ്പെട്ട ചടങ്ങിലാണ് ബാലയ്യ, അഞ്ജലിയെ പിടിച്ചുതള്ളിയത്.
ഹൈദരാബാദ്: സ്റ്റേജിൽ വെച്ച് നടി അഞ്ജലിയെ തള്ളി നടനും രാഷ്ട്രീയക്കാരനുമായ നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ. ഗ്യാങ്സ് ഓഫ് ഗോദാവരി ചിത്രത്തിന്റെ പ്രൊമോഷനുമയി ബന്ധപ്പെട്ട ചടങ്ങിലാണ് ബാലയ്യ, അഞ്ജലിയെ പിടിച്ചുതള്ളിയത്.
അഞ്ജലി ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ചിരിക്കുന്നുണ്ടായിരുന്നു. എന്നാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ നടനെതിരെ രൂക്ഷ പ്രതികരണമാണ് ഉയർന്നത്. മാന്യമല്ലാത്ത പെരുമാറ്റം എന്നാണ് പലരും വീഡിയോക്ക് താഴെ കുറിച്ചത്. സിനിമാ സംവിധായകൻ ഹൻസൽ മേത്തയും രൂക്ഷമായാണ് പ്രതികരിച്ചത്.
വീഡിയോ പങ്കുവെച്ച ഹൻസൽ മേത്ത, അസ്വീകാര്യനായ വ്യക്തിയെന്നാണ് ബാലയ്യയെ വിശേഷിപ്പിച്ചത്. പ്രൊമോഷന്റെ ഭാഗമായി സ്റ്റേജിലേക്ക് കയറിവരുന്നതിനിടെ അദ്ദേഹം അഞ്ജലിയോട് കുറച്ച് നീങ്ങിനിൽക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതുപ്രകാരം അഞ്ജലി ഒരു സ്റ്റെപ് നീങ്ങി. വീണ്ടും നോക്കിയ ബാലയ്യ, അഞ്ജലിയെ കൈകൊണ്ട് തള്ളുകയായിരുന്നു. ദേഷ്യത്തോടെയാണ് ബാലയ്യ ഇങ്ങനെ ചെയ്യുന്നത് എന്ന വീഡിയോയിൽ വ്യക്തമാണ്.
എന്നാൽ ബാലയ്യയുടെ പൊടുന്നനെയുള്ള പെരുമാറ്റത്തിൽ ആദ്യമൊന്ന് അമ്പരന്ന അഞ്ജലി, പിന്നീട് ചിരിച്ചുക്കുന്നതും കാണാം. ഒപ്പമുണ്ടായിരുന്ന മറ്റൊരു നടി നേഹ ഷെട്ടിയും ബാലയ്യയുടെ പെരുമാറ്റത്തിൽ ആദ്യം അമ്പരക്കുന്നുണ്ട്. അതേസമയം ബാലയ്യയുടെ മര്യാദയില്ലാത്ത പെരുമാറ്റത്തിനെതിരെ രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. സ്ത്രീകളെ ബഹുമാനിക്കാന്‍ ആദ്യം പഠിക്കണമെന്നായിരുന്നു ഒരു കമന്റ്. ഇത്തരത്തിലുള്ള ചൂടന്‍ പെരുമാറ്റങ്ങളുടെ പേരിൽ ബാലയ്യയുടെ പേര് വാർത്തകളിൽ നിറയുന്നത് ഇതാദ്യമല്ല. ഒരിക്കൽ, സഹായിയെ തല്ലുകയും ഷൂസിന്റെ ലേസ് കെട്ടാൻ ആവശ്യപ്പെടുകയും ചെയ്തത് വിവാദമായിരുന്നു.
Watch Video
Who is this scumbag? https://t.co/KUVZjMZY2M
— Hansal Mehta (@mehtahansal) May 29, 2024