
ലക്ഷ്മി മഞ്ചു
അഭിമുഖത്തിനിടെ ക്യാമറയെ മറച്ച യുവാവിനെ അടിച്ച് നടി ലക്ഷ്മി മഞ്ചു; വീഡിയോ
|സൈമ അവാർഡ് 2023ന്‍റെ റെഡ് കാർപെറ്റിൽ സംസാരിക്കുന്ന ലക്ഷ്മിയെയാണ് വീഡിയോയില്‍ കാണുന്നത്
ദുബൈ: ചെറുതും വലുതുമായ വേഷങ്ങളിലൂടെ തെന്നിന്ത്യയില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയാണ് തെലുഗ് താരം ലക്ഷ്മി മഞ്ചു. ഈയിടെ ദുബൈയില്‍ സൈമ അവാര്‍ഡ് ചടങ്ങിലും നടി പങ്കെടുത്തിരുന്നു. അവിടെ വച്ച് നടിയെ ഇന്‍റര്‍വ്യൂ ചെയ്യുന്നതിനിടെ ക്യാമറയെ മറച്ച യുവാവിനെ ലക്ഷ്മി അടിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സൈമ അവാർഡ് 2023ന്‍റെ റെഡ് കാർപെറ്റിൽ സംസാരിക്കുന്ന ലക്ഷ്മിയെയാണ് വീഡിയോയില്‍ കാണുന്നത്. ഇതിനിടെ ഒരാള്‍ ക്യാമറയെ മറച്ച് നടന്നുപോകുന്നതുകാണാം. ഇതുകണ്ട രോഷാകുലയായ താരം അയാളുടെ തോളത്ത് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതുകണ്ട് ഇന്‍റര്‍വ്യൂ ചെയ്ത യുവതി ചിരിക്കുന്നുണ്ടെങ്കിലും ലക്ഷ്മി ദേഷ്യം നിറഞ്ഞ മുഖവുമായി നില്‍ക്കുന്നതും കാണാം. കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരാളും ക്യാമറയെ മറഞ്ഞു നടന്നുപോയി. പ്രകോപിതയായ ലക്ഷ്മി ''ചേട്ടാ ക്യാമറയുടെ പിന്നിലേക്ക് പോകൂ'' എന്ന് ആക്രോശിച്ചു. ഇതുകേട്ട അയാള്‍ മറ്റൊരു വഴിയിലൂടെ പോകുന്നതും കാണാം.
ചിലര്‍ നടിയുടെ പ്രവൃത്തിയെ ന്യായീകരിച്ചു രംഗത്തെത്തിയെങ്കിലും മറ്റു ചിലര്‍ ഇത് അങ്ങേയറ്റം ധിക്കാരപരമാണെന്ന് വിമര്‍ശിച്ചു. പ്രശസ്ത നടൻ മോഹൻ ബാബുവിന്‍റെയും ചലച്ചിത്ര നിർമ്മാതാവ് വിദ്യാദേവിയുടെയും മകളാണ് ലക്ഷ്മി മഞ്ചു.തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നതിനു പുറമേ, ലാസ് വെഗാസ് എന്ന അമേരിക്കൻ ടെലിവിഷൻ പരമ്പരയുടെയും ഭാഗമാണ് ലക്ഷ്മി.