< Back
Entertainment
തന്ന തണലിന്, ചേർത്തു പിടിക്കലിന് നന്ദി മമ്മൂക്ക; സ്നേഹാശംസകള്‍ നേര്‍ന്ന് ആന്‍റോ ജോസഫ്
Entertainment

'തന്ന തണലിന്, ചേർത്തു പിടിക്കലിന് നന്ദി മമ്മൂക്ക'; സ്നേഹാശംസകള്‍ നേര്‍ന്ന് ആന്‍റോ ജോസഫ്

ijas
|
7 Sept 2022 3:50 PM IST

മമ്മൂട്ടിയുടെ നിഴലായി യാത്ര തുടരുന്ന നിര്‍മാതാവ് ആന്‍റോ ജോസഫിന്‍റെ ഓര്‍മ്മ കുറിപ്പ് ഹൃദയം തൊടുന്നതാണ്

മലയാളികളുടെ പ്രിയ താരം മമ്മൂട്ടി ഇന്ന് 71ആം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ താരത്തിന് സ്നേഹാശംസകള്‍ നേരുകയാണ് സിനിമാ ആരാധക ലോകം. പാതിരാവില്‍ ഉറക്കമൊഴിഞ്ഞുള്ള ആരാധകരുടെ സ്നേഹാന്വേഷണവും സിനിമാ പ്രവര്‍ത്തകരുടെ ഉള്ളം നനക്കുന്ന ഓര്‍മ്മകളും സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ മമ്മൂട്ടിയുടെ നിഴലായി യാത്ര തുടരുന്ന നിര്‍മാതാവ് ആന്‍റോ ജോസഫിന്‍റെ ഓര്‍മ്മ കുറിപ്പ് ഹൃദയം തൊടുന്നതാണ്.

ഏഴ് എന്ന സംഖ്യയിൽ എന്തോ ഒരു മാജിക് ഉള്ളടങ്ങിയിട്ടുണ്ട്. കാലത്തിൻ്റെ കലണ്ടർ ചതുരങ്ങളിൽ മലയാളി കാണുന്ന ഏഴിൽ ഉള്ളത് മമ്മൂട്ടി എന്ന മാന്ത്രികതയാണെന്നും ഒരുപാട് നല്ല ദിവസങ്ങൾക്കും തന്ന തണലിനും ചേർത്തു പിടിക്കലിനും വാത്സല്യത്തിനും മമ്മൂട്ടിയ്ക്ക് നന്ദി പറയുന്നതായും ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതായും ആന്‍റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ആന്‍റോ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഏഴ് എന്ന സംഖ്യയിൽ എന്തോ ഒരു മാജിക് ഉള്ളടങ്ങിയിട്ടുണ്ട്. ലോകാദ്ഭുതങ്ങൾ ഏഴ്. സ്വരങ്ങൾ ഏഴ്. കടലുകളും ഏഴ്. എന്തിന് ജീവസ്പന്ദനമായ നാഡികളെക്കുറിച്ച് പറയുമ്പോൾ പോലും ഏഴ് കടന്നു വരുന്നു. കാലത്തിൻ്റെ കലണ്ടർ ചതുരങ്ങളിൽ മലയാളി കാണുന്ന ഏഴിൽ ഉള്ളത് മമ്മൂട്ടി എന്ന മാന്ത്രികതയാണ്. സെപ്റ്റംബറിലെ ഏഴാം നാൾ പുലരുന്ന ഈ പാതിരാവിൽ എൻ്റെ മുന്നിലെ ഏഴാമത്തെ അദ്ഭുതത്തിനും അതേ പേര്. ഈ നല്ല നിമിഷത്തിൽ ഞാൻ മമ്മൂക്കയ്ക്ക് നന്ദി പറയുന്നു... ഒരുപാട് നല്ല ദിവസങ്ങൾക്ക്.. തന്ന തണലിന്.. ചേർത്തു പിടിക്കലിന്... സഹോദര സ്നേഹത്തിന്... വാത്സല്യത്തിന്.. ഇനിയും ഒരുപാട് ഏഴുകളുടെ കടലുകൾ താണ്ടി മുന്നോട്ടു പോകുക, മമ്മൂക്ക... ആയുരാരോഗ്യത്തിനായി പ്രാർഥനകൾ.

Similar Posts