< Back
Entertainment
മണി ഹെയ്സ്റ്റിന് കൊറിയന്‍ പതിപ്പ് വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്
Entertainment

മണി ഹെയ്സ്റ്റിന് കൊറിയന്‍ പതിപ്പ് വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

ijas
|
29 April 2022 6:10 PM IST

മണി ഹെയ്സ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ചയായിരിക്കും കൊറിയന്‍ പതിപ്പെന്നാണ് ടീസര്‍ നല്‍കുന്ന സൂചന

ലോകമെമ്പാടും വലിയ ആരാധകരുള്ള സ്പാനിഷ് വെബ്സീരീസ് മണി ഹെയ്സ്റ്റിന് കൊറിയന്‍ പതിപ്പ് വരുന്നു. കൊറിയന്‍ നടന്‍ യൂ ജി തായ് പ്രൊഫസര്‍ ആയി എത്തുന്ന ചിത്രത്തിന്‍റെ പ്രഖ്യാപന വീഡിയോ നെറ്റ്ഫ്ലിക്സ് പുറത്തിറക്കി. 'ജോയിന്‍റ് എകണോമിക് ഏരിയ' എന്ന ടാഗ്‍ലൈനോടെയാണ് സീരീസ് പുറത്തുവരുന്നത്. സീരീസ് ജൂണ്‍ 24ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. മണി ഹെയ്സ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ചയായിരിക്കും കൊറിയന്‍ പതിപ്പെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കൊറിയന്‍ പതിപ്പിലെ പ്രൊഫസര്‍ അടക്കമുള്ള മുഴുവന്‍ താരങ്ങളും മുഖം മൂടി ധരിച്ചിരിക്കുന്നതും ടീസറില്‍ വ്യക്തമാണ്.

2017-ലാണ് മണി ഹെയ്‌സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് 'ലാ കാസ ഡി പാപ്പല്‍' എന്ന പേരില്‍ ആന്‍റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ്‍വര്‍ക്കിലാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്‌പെയ്‌നില്‍ പരാജയം ഏറ്റുവാങ്ങി. നെറ്റ്ഫ്ലിക്സ് സീരിസ് ഏറ്റെടുത്ത് പ്രദര്‍ശിപ്പിച്ചതോടെയാണ് സീരീസ് ലോകമാകെ തരംഗമായി മാറിയത്.

ലോകത്തെ ജനപ്രിയ ടിവി ഷോകളുടെ ഐ.എം.ഡി.ബി റേറ്റിങില്‍ രണ്ടാം സ്ഥാനത്താണ് മണി ഹെയ്സ്റ്റ്. 2018ല്‍ മികച്ച ഡ്രാമാ സീരീസിനുള്ള എമ്മി അവാര്‍ഡും സീരീസ് സ്വന്തമാക്കി. സ്പെയിനില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നു മണി ഹെയ്സ്റ്റിന്‍റെ ആദ്യ സീസണുകളുടെ ചിത്രീകരണം. പരിമിതമായ ബജറ്റില്‍ തീര്‍ക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ അടുത്ത സീസണുകള്‍ നെറ്റ്ഫ്‌ളിക്‌സ് ചിത്രീകരിച്ചത് വമ്പന്‍ ബഡ്ജറ്റിലായിരുന്നു.

Money Heist: Korea - Joint Economic Area | Date Announcement | Netflix

Similar Posts