< Back
Entertainment
ദി റിങ്‌സ് ഓഫ് പവര്‍ ടീം മുംബൈയില്‍; താരങ്ങളെ വരവേറ്റ് ഹൃത്വിക് റോഷനും തമന്ന ഭാട്ടിയയും
Entertainment

'ദി റിങ്‌സ് ഓഫ് പവര്‍' ടീം മുംബൈയില്‍; താരങ്ങളെ വരവേറ്റ് ഹൃത്വിക് റോഷനും തമന്ന ഭാട്ടിയയും

Web Desk
|
19 Aug 2022 6:54 PM IST

ഇന്ത്യയില്‍ നിന്നുള്ള പ്രൈം വീഡിയോ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുള്ളതെന്നും അതാണ് തങ്ങളുടെ അഭിമാന പരമ്പരയുടെ ഏഷ്യാ പസിഫിക് പ്രീമിയര്‍ ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ കാരണമെന്നും ആമസോണ്‍ സ്റ്റുഡിയോസ് സിഒഒ ആല്‍ബേര്‍ട്ട് ഷെംഗ് പറഞ്ഞു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ് 'ദി ലോര്‍ഡ് ഓഫ് ദി റിങ്‌സ് : ദി റിങ്‌സ് ഓഫ് പവറിന്‍റെ' ഏഷ്യ പസിഫിക് പ്രീമിയറിനായി പരമ്പരയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും മുംബൈയില്‍ എത്തി.

പ്രീമിയറിന്‍റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പരമ്പരയുടെ നിര്‍മാതാവ് ജെഡി പേയ്‌നിനോടൊപ്പം ദ്വീപ് രാജ്യമായ ന്യൂമെനോറില്‍ നിന്നുള്ള ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച പരമ്പരയിലെ താരങ്ങളായ റോബര്‍ട്ട് അരാമയോ, ചാള്‍സ് എഡ്വാര്‍ഡ്‌സ്, നസാനിന്‍ ബൊനിയാദി, ലോയിഡ് ഒവന്‍സ്, സാറാ സ്വേങ്കോബാനി, മാക്‌സിം ബാല്‍ഡ്രി, മേഗന്‍ റിച്ചാര്‍ഡ്‌സ്, ടൈറോ മുഹാഫിദിന്‍, എമ ഹോര്‍വാത്, മാര്‍ക്കെല്ല കവേനാഗ് എന്നിവര്‍ പങ്കെടുത്തു. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയിലെ താരങ്ങളെ വരവേല്‍ക്കാന്‍ ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷനും തമന്നാ ഭാട്ടിയയും എത്തിയിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള പ്രൈം വീഡിയോ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുള്ളതെന്നും അതാണ് തങ്ങളുടെ അഭിമാന പരമ്പരയുടെ ഏഷ്യാ പസിഫിക് പ്രീമിയര്‍ ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ കാരണമെന്നും ആമസോണ്‍ സ്റ്റുഡിയോസ് സിഒഒ ആല്‍ബേര്‍ട്ട് ഷെംഗ് പറഞ്ഞു. പ്രൈം വീഡിയോസിന്റെ ഇന്ത്യന്‍ ഒറിജിനലുകള്‍ക്ക് ലോകമെമ്പാടും വന്‍ ആരാധകവൃന്ദമാണുള്ളതെന്നും അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഒറിജിനലുകള്‍ ഇന്ത്യയിലാണ് നിര്‍മിക്കുന്നതെന്നും ഷെംഗ് പറഞ്ഞു.

ദി ലോര്‍ഡ് ഓഫ് ദി റിങ്‌സ്: ദി റിങ്‌സ് ഓഫ് പവറിന്റെ രണ്ട് എപിസോഡുകളുടെ ആഗോള റിലീസ് സെപ്റ്റംബര്‍ 2-ന് ഉണ്ടാകും. തുടര്‍ന്ന് ആഴ്ചതോറും ഇംഗ്ലിഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ പുതിയ എപിസോഡുകള്‍ ലഭ്യമാകും. ഒക്ടോബര്‍ 14-ന് പരമ്പര അവസാനിക്കും. ജെ.ആര്‍.ആര്‍. ടോള്‍കീന്റെ ദ ഹൊബിറ്റ് ആന്‍ഡ് ദി ലോര്‍ഡ് ഓഫ് റിങ്‌സില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പുള്ള സംഭവവികാസങ്ങളാണ് പരമ്പരയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

Similar Posts