
അംരീഷ് പുരി Photo| HT
സൂപ്പര്‍താരങ്ങളെക്കാൾ പ്രതിഫലം വാങ്ങിയ വില്ലൻ; ഈ നടന് ഒരിക്കലും സെക്രട്ടറിയോ ഡ്രൈവറോ ഉണ്ടായിരുന്നില്ല
|ആ സമയത്ത് അനിൽ കപൂർ, അംരീഷ് പുരി എന്നിങ്ങനെ വലിയൊരു താരനിര ഉണ്ടായിരുന്നു
മുംബൈ: വില്ലൻ എന്ന് പറഞ്ഞാൽ ബോളിവുഡിന് ഒരു കാലത്ത് അംരീഷ് പുരിയായിരുന്നു. അംരീഷിന് ശേഷം ഇത്രയധികം വിറപ്പിച്ച മറ്റൊരു വില്ലൻ ഉണ്ടായിരുന്നില്ല എന്നു വേണം പറയാൻ. ഹിന്ദി, കന്നഡ, ഹോളിവുഡ്, പഞ്ചാബി, തമിഴ്, മലയാളം, തെലുഗു ഭാഷകളിലായി 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം സഹനടനായും തിളങ്ങിയിട്ടുണ്ട്. 70 മുതൽ 90 കൾ വരെ താരമൂല്യമുള്ള നടനായിരുന്നു പുരി. അക്കാലത്ത് നായകനെക്കാൾ പ്രതിഫലം വാങ്ങിയിരുന്ന നടൻ.
നടൻ സൗരഭ് ശുക്ല എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് സൂപ്പര്‍താരങ്ങളെക്കാൾ പ്രതിഫലം വാങ്ങിയിരുന്ന വില്ലന്‍റെ കഥ പങ്കുവച്ചത്. 2002-ൽ പുറത്തിറങ്ങിയ ‘നായക്: ദി റിയൽ ഹീറോ’ എന്ന സിനിമയിൽ ശുക്ല അംരീഷിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. താരപദവിയും കൈനിറയെ പ്രതിഫലവുമുണ്ടായിട്ടും ലളിതജീവിതമായിരുന്നു അംരീഷ് പുരി നയിച്ചിരുന്നത്.
“സിനിമയിൽ ജോലി ചെയ്യുമ്പോൾ, അംരീഷ് പുരി പ്രധാന നടനേക്കാൾ ഒരു രൂപ കൂടുതൽ വാങ്ങാറുണ്ടെന്ന് ഞാൻ കണ്ടെത്തി. ഇത് അദ്ദേഹം എത്ര വലിയ താരമാണെന്ന് കാണിക്കുന്ന ഒന്നാണ്. ഇത് മാത്രമല്ല, ഇത്ര പ്രശസ്തനായ നടനായിരുന്നിട്ടും അദ്ദേഹത്തിന് ഒരിക്കലും ഒരു സെക്രട്ടറിയോ ഡ്രൈവറോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഒരു മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ'' ശുക്ല പറയുന്നു. സ്റ്റാഫ് ആരുമില്ലേ എന്ന ചോദ്യത്തിന് താൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ജീവനക്കാര്‍ക്ക് വിതരണം ചെയ്യാൻ തനിക്ക് ഭ്രാന്താണോ എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്.
“ആ സമയത്ത് അനിൽ കപൂർ, അംരീഷ് പുരി എന്നിങ്ങനെ വലിയൊരു താരനിര ഉണ്ടായിരുന്നു. അതൊരു നല്ല അനുഭവമായിരുന്നു. സിനിമയിൽ പ്രവർത്തിക്കുന്നതിൽ ഞങ്ങൾ വളരെയധികം ആസ്വദിച്ചു. അംരീഷ് പുരി സാഹബിനെ ഞാൻ ആദ്യമായി കണ്ടുമുട്ടിയതും അന്നായിരുന്നു'' ശുക്ല പറയുന്നു.
ബോളിവുഡിലെ 'ജെന്‍റിൽമാൻ വില്ലൻ' ആയി അറിയപ്പെട്ടിരുന്ന താരമായിരുന്നു പുരി. ദിൽവാലെ ദുൽഹനിയ ലേ ജായേംഗീ, ഗദർ: ഏക് പ്രേം കഥ, ഫൂൽ ഔർ കാന്തേ, ഗാർദിഷ്, ഘട്ടക്, ചൈന ഗേറ്റ്, പർദെസ്, മേരി ജംഗ് എന്നിവയുൾപ്പെടെ നിരവധി ബിഗ് ബജറ്റ് പ്രോജക്ടുകളുടെ ഭാഗമായിരുന്നു അംരീഷ് പുരി. ഇത് മാത്രമല്ല, അംരീഷിന്‍റെ താരപദവി ഇന്ത്യൻ ചലച്ചിത്രമേഖലയിൽ മാത്രം ഒതുങ്ങി നിന്നില്ല. 1984 ൽ പുറത്തിറങ്ങിയ ഇന്ത്യാന ജോൺസ് ആൻഡ് ദി ടെമ്പിൾ ഓഫ് ഡൂം എന്ന സിനിമയിൽ ഇതിഹാസ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പരുക്കൻ മുഖഭാവവും ശബ്ദവും കാരണം ആദ്യകാലത്തൊന്നും അംരീഷിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇതിനെ തന്‍റെ ശക്തിയാക്കി മാറ്റി വില്ലൻ വേഷങ്ങളിലൂടെ ബോളിവുഡിൽ സ്ഥാനം പിടിക്കുകയായിരുന്നു. കച്ചി സഡക് എന്ന ചിത്രമാണ് അംരീഷ് പുരിയുടെ അവസാന ചിത്രം. അംരീഷ് പുരിയുടെ മരണശേഷമാണ് ഈ സിനിമ പുറത്തിറങ്ങിയത്. മലയാളത്തിൽ കാലാപാനിയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2005 ജനുവരി 12 ന് രക്താർബുദ ബാധയെ തുടർന്ന് 72 വയസുള്ളപ്പോഴാണ് അംരീഷ് പുരി ലോകത്തോട് വിടപറയുന്നത്.