
ഗോവര്‍ധൻ അസ്രാനി Photo| Google
അവസരങ്ങളില്ലാതെ ബോളിവുഡിൽ അലഞ്ഞ താരത്തിന് ഇന്ദിര ഗാന്ധി രക്ഷകയായപ്പോൾ; പിന്നീട് അഭിനയിച്ചത് 350ലധികം ചിത്രങ്ങളിൽ
|'അവസരങ്ങൾ തേടി ഞാൻ എഫ്‌ടിഐഐ സർട്ടിഫിക്കറ്റുമായി നടക്കുമായിരുന്നു'
മുംബൈ: “ഹം ആംഗ്രെസോൻ കെ സമാനേ കെ ജയിലർ ഹേ!” 1975ൽ പുറത്തിറങ്ങിയ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഷോലെയിലെ ഹിറ്റ്ലറിനെ ഓര്‍മിപ്പിക്കുന്ന വിചിത്രനായ ജയിലറെ ഓര്‍മയില്ലേ? ഒരു കാലത്ത് ബി ടൗണിനെ ചിരിപ്പിച്ച ഗോവര്‍ധൻ അസ്രാനിയെ...കഴിഞ്ഞ ദിവസമാണ് അദ്ദേഹം അന്തരിച്ചത്. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അസ്രാനി തന്‍റെ 84-ാം വയസിലാണ് വിട പറഞ്ഞത്.
1971മുതൽ ഹിന്ദി ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു അസ്രാനി. 50 വര്‍ഷം നീണ്ട കരിയറിൽ ഹിന്ദിയിലും ഗുജറാത്തിയിലുമായി ഏകദേശം 350ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ ഹാസ്യതാരമായിട്ടാണെങ്കിൽ ഗുജറാത്തിയിൽ ക്യാരക്ടര്‍ റോളുകളിലാണ് അസ്രാനി തിളങ്ങിയത്. കരിയര്‍ പീക്കിൽ നിൽക്കുന്ന ഇന്നത്തെ പല സൂപ്പര്‍താരങ്ങളെയും പോലെ അവസരങ്ങളില്ലാതെ അലഞ്ഞുനടന്ന ഒരു ഭൂതകാലവും അസ്രാനിക്കുണ്ടായിരുന്നു. തിരസ്കരണത്തിന്‍റെ നീണ്ട കാലങ്ങൾ... പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പ്രൊഫഷണൽ ബിരുദം നേടിയ ശേഷം അവസരം തേടി മുംബൈയിലെ സ്റ്റുഡിയോകളിൽ അലഞ്ഞ അസ്രാനിയുടെ തലവര മാറ്റിയെഴുതിയത് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിരുന്നു.
''അവസരങ്ങൾ തേടി ഞാൻ എഫ്‌ടിഐഐ സർട്ടിഫിക്കറ്റുമായി നടക്കുമായിരുന്നു. ആളുകൾ എന്നെ പരിഹസിക്കും. അഭിനയിക്കാൻ നിങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് വേണോ? എന്നായിരുന്നു അവരുടെ ചോദ്യം. വലിയ താരങ്ങൾ അഭിനയം പഠിച്ചിട്ടില്ല എന്ന് പറയും, ചിലര്‍ ഇവിടെ നിന്ന് പുറത്തുകടക്കൂ എന്ന് ആക്രോശിക്കും'' തന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ അസ്രാനി പറഞ്ഞത് ഇങ്ങനെയാണ്. രണ്ട് വർഷത്തോളം അവസരങ്ങളില്ലാതെ നിരാശനായ അസ്രാനി തന്‍റെ ജന്മനാടായ ജയ്പൂരിലേക്ക് തിരിച്ചുപോയി. കുടുംബത്തിന്റെ കാർപെറ്റ് കമ്പനിയിൽ ജോലി ചെയ്തു. ഈ കാലയളവിലൊക്കെ അഭിനയ മോഹം ഉപേക്ഷിച്ചിരുന്നില്ല. എഫ്‌ടിഐഐയിലേക്ക് മടങ്ങിയെത്തുമ്പോൾ വിജയിക്കണമെന്ന് അദ്ദേഹം മനസിലുറപ്പിച്ചിരുന്നു.
അന്നത്തെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി എഫ്‌ടിഐഐ സന്ദർശിച്ചപ്പോഴാണ് അസ്രാനിയുടെ ജീവിതം മാറിമറിയുന്നത്. പരിശീലനം ലഭിച്ചിട്ടും ജോലി കണ്ടെത്താൻ കഴിയാത്തതിൽ മറ്റ് ബിരുദധാരികളെപ്പോലെ അസ്രാനി അവരോട് പരാതിപ്പെട്ടു. മുംബൈ സന്ദർശിച്ച ശേഷം, പരിശീലനം നേടിയ അഭിനേതാക്കളെ സിനിമയിൽ ഉപയോഗിക്കാൻ അവർ നിർമാതാക്കൾക്ക് നിർദേശം നൽകി. ആ ഘട്ടത്തിൽ കാര്യങ്ങൾ മാറാൻ തുടങ്ങി. താമസിയാതെ ജയ ഭാദുരി 'ഗുഡ്ഡി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അതേ സിനിമ അസ്രാനിക്കും വഴിത്തിരിവായി. ഗുഡ്ഡിക്ക് ശേഷം അസ്രാനി ബോളിവുഡിലെ ഹാസ്യരാജാവായി മാറി. തുടർന്ന് റൊട്ടി, ആജ് കാ എം.എൽ.എ റാം അവതാർ, ആജ് കി താസ ഖബർ, ചുപ്‌കെ ചുപ്‌കെ തുടങ്ങിയ നിരവധി ജനപ്രിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
1975-ൽ പുറത്തിറങ്ങിയ രമേഷ് സിപ്പിയുടെ ക്ലാസിക് ചിത്രമായ ഷോലെയിലെ വിചിത്രനായ ജയിലര്‍ അസ്രാനിക്ക് കൂടുതൽ കയ്യടി നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ അതിശയോക്തി കലർന്ന ബ്രിട്ടീഷ് ഉച്ചാരണവും രസകരമായ മുഖഭാവങ്ങളും കങ്കാൽ എന്ന കഥാപാത്രത്തെ ഐക്കണിക് ആക്കി. "മേരാ നാം ഹേ സന്തോഷ്, ലേകിൻ ലോഗ് മുജെ കങ്കാൽ കെഹ്തേ ഹേ" എന്നത് അസ്രാനിയുടെ എക്കാലത്തെയും ഹിറ്റ് ഡയലോഗുകളിൽ ഒന്നാണ്. പ്രിയദര്‍ശന്‍റെ റീമേക്ക് ചിത്രങ്ങളിലൂടെ അസ്രാനി മലയാളികൾക്കും പരിചിതനാണ്. അക്ഷയ് കുമാർ നായകനാകുന്ന പുതിയ പ്രിയദർശൻ ചിത്രം ഹായ്‌വാനിലും അഭിനയിച്ചിരുന്നു. മലയാള സിനിമ ഒപ്പത്തിന്‍റെ റീമേക്കാണ് ഇത്.