< Back
Entertainment
thug life movie
Entertainment

കര്‍ണാടകയും പ്രേക്ഷകരും കൈവിട്ടു, ആരാധകരെ നിരാശരാക്കി കമലിന്‍റെ തഗ് ലൈഫ്; ഓപ്പണിങ് കലക്ഷൻ ഇന്ത്യൻ 2വിന്‍റെ പകുതി പോലുമില്ല

Web Desk
|
6 Jun 2025 10:57 AM IST

ഒരു ഹിറ്റ് ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളുമുണ്ടായിട്ടും ബോക്സോഫീസിൽ യാതൊരു പ്രതികരണമുണ്ടാക്കാതെ കിതയ്ക്കുകയാണ് തഗ് ലൈഫ്

ചെന്നൈ: നീണ്ട 37 വര്‍ഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം...ഒപ്പം ചിമ്പുവും തൃഷയും അഭിരാമിയും. എ.ആര്‍ റഹ്മാന്‍റെ സംഗീതവും. ഒരു ഹിറ്റ് ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളുമുണ്ടായിട്ടും ബോക്സോഫീസിൽ യാതൊരു പ്രതികരണമുണ്ടാക്കാതെ കിതയ്ക്കുകയാണ് തഗ് ലൈഫ്. 17 കോടിയാണ് ചിത്രത്തിന്‍റെ ഇനിഷ്യൽ കലക്ഷൻ. ഏറെ കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയ ഷങ്കര്‍ ചിത്രം ഇന്ത്യൻ2 വിന്‍റെ പകുതി പോലുമില്ല തഗ് ലൈഫിന്‍റെ ഓപ്പണിങ് കലക്ഷനെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്‍റെ തമിഴ് ഷോകൾ ₹15.4 കോടി നേടിയപ്പോൾ, തെലുങ്ക് ഷോകൾ ₹1.5 കോടിയും ഹിന്ദി ഷോകൾ ₹0.1 കോടിയും മാത്രമാണ് നേടിയതെന്ന് ഫിലിം ട്രേഡ് പോർട്ടലായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.

കമല്‍ ഹാസന്‍-ഷങ്കര്‍ കോമ്പോയില്‍ എത്തിയ ഇന്ത്യന്‍ 2 ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം 50 കോടി രൂപയാണ് നേടിയത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ ‘വിക്രം’ 66 കോടി രൂപയായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും ഓപ്പണിങ് ദിനത്തില്‍ നേടിയത്. ഈ സിനിമകളുടെ കലക്ഷന്‍ വച്ച് നോക്കുമ്പോള്‍ തഗ് ലൈഫിന്‍റെ കലക്ഷൻ വളരെ കുറവാണ്.

ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും നിരാശരാക്കിയെന്നുമാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ച അഭിപ്രായങ്ങൾ തെളിയിക്കുന്നത്. ചിലര്‍ ചിത്രത്തിന്‍റെ രണ്ടാം പകുതിയിലെ പിഴവുകൾ ചൂണ്ടിക്കാണിച്ചപ്പോൾ മറ്റ് ചിലര്‍ ഇന്ത്യൻ 2വിനെക്കാൾ മികച്ചതാണെന്ന് ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ഏറ്റവും വലിയ അബദ്ധം എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. മണിരത്നം ഇത്രയും പഴഞ്ചനും വിരസവുമായ ഒരു മൂന്നാം ക്ലാസ് ചിത്രം നിര്‍മിക്കുമെന്ന് കരുതിയില്ലെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. ''കമൽഹാസൻ ഇന്ത്യൻ 2വിനെക്കാൾ മോശം ചിത്രത്തിൽ അഭിനയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മണിരത്നം നിങ്ങൾ ഇത്രയും വലിയ അബദ്ധം കാട്ടുമെന്ന് വിചാരിച്ചില്ല. തിയേറ്ററുകളിൽ മാത്രമല്ല, ഒടിടിയിലോ യൂട്യൂബിലോ പോലും സൗജന്യമാണെങ്കിൽ പോലും നിങ്ങൾ ഒഴിവാക്കേണ്ട ആദ്യത്തെ മണിരത്നം ചിത്രമാണ് തഗ് ലൈഫ്'' ഒരു ഉപയോക്താവിന്‍റെ അഭിപ്രായം ഇങ്ങനെയായിരുന്നു.

അതേസമയം കര്‍ണാടകയിൽ ചിത്രം നിരോധിച്ചതും തഗ് ലൈഫിന്‍റെ കലക്ഷൻ കുറയാൻ കാരണമായി എന്നാണ് വിലയിരുത്തൽ. കന്നഡ തമിഴിലില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന കമല്‍ ഹാസന്റെ പരാമര്‍ശമാണ് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായത്.ര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സാണ് (കെഎഫ്സിസി) കര്‍ണാടകയില്‍ ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. 24 മണിക്കൂറിന് ഉളളില്‍ കമല്‍ഹാസന് പരസ്യമായി മാപ്പ് പറയണമെന്ന് കെഎഫ്‌സിസി അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം കമല്‍ ഹാസന്‍ തള്ളി. തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുമെന്നും നിലവില്‍ തനിക്ക് തെറ്റ് പറ്റിയതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നലെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ജോജു ജോർജ്,ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Similar Posts