Entertainment
Tiger Nageswara Rao first look
Entertainment

'പുലിയെ വേട്ടയാടുന്ന പുലിയെ കണ്ടിട്ടുണ്ടോ?' ടൈഗര്‍ നാഗേശ്വര റാവു ഫസ്റ്റ് ലുക്ക് പുറത്ത്

Web Desk
|
24 May 2023 6:26 PM IST

മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ശബ്ദത്തിലാണ് വീഡിയോ എത്തിയത്

രവി തേജ നായകനാവുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മിച്ച് വംശി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രാജമുന്‍ധ്രിയിലെ ഗോദാവരി നദിയ്ക്ക് കുറുകെയുള്ള ഹാവലോക്ക് പാലത്തിനു മുകളില്‍ വെച്ച് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും കണ്‍സെപ്റ്റ് വീഡിയോയും റിലീസ് ചെയ്തു. ഫസ്റ്റ് ലുക്ക്‌ റിലീസിനായി ഒരു ട്രെയിനും വാടകയ്ക്കെടുത്തു.

പരുക്കനായ രവി തേജയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. തടങ്കലില്‍ അടയ്ക്കപ്പെട്ട നിലയിലാണ് രവി തേജയുള്ളത്. അഞ്ചു ഭാഷകളില്‍ നിന്നുള്ള അഞ്ചു സൂപ്പര്‍സ്റ്റാര്‍സിന്റെ ശബ്ദത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനും തെലുഗില്‍നിന്ന് വെങ്കടേഷും ഹിന്ദിയില്‍ നിന്ന് ജോണ്‍ എബ്രഹാമും കന്നഡയില്‍ നിന്ന് ശിവ രാജ്കുമാറും തമിഴില്‍ നിന്ന് കാര്‍ത്തിയുമാണ് വോയ്സ് ഓവര്‍ നല്‍കിയിരിക്കുന്നത്.

കേട്ടുകേള്‍വികളില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ടാണ് ടൈഗറിന്റെ കഥ രചിച്ചിരിക്കുന്നത്- "പണ്ട് എഴുപതുകളിലാണ്. ബംഗാള്‍ കടല്‍ത്തീരത്തുള്ള ഒരു ചെറിയ ഗ്രാമം. പടപടാ ഓടുന്ന ട്രെയിന്‍ ആ സ്ഥലത്തിനരികില്‍ എത്താറാവുമ്പോള്‍ കിടുകിടാ വിറയ്ക്കും. ആ നാടിന്റെ നാഴികക്കല്ലുകള്‍ കണ്ടാല്‍ ജനങ്ങളുടെ പാദങ്ങള്‍ അടിതെറ്റും. തെന്നിന്ത്യയിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം, സ്റ്റുവര്‍ട്ട്പുരം. ആ സ്ഥലത്തിന് വേറൊരു പേരുകൂടിയുണ്ട്. ടൈഗര്‍ സോണ്‍. ടൈഗര്‍ നാഗേശ്വരറാവുവിന്റെ സോണ്‍. മാനുകളെ വേട്ടയാടുന്ന പുലികളെ കണ്ടുകാണും. പുലിയെ വേട്ടയാടുന്ന പുലിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?" എന്നാണ് വോയ്സ് ഓവറിലുള്ളത്.

ആര്‍ മതി ഐ.എസ്.സിയുടെ ദൃശ്യങ്ങളും വംശിയുടെ അവതരണവും അഭിഷേക് അഗര്‍വാളിന്‍റെ ആര്‍ട്ട്‌സും ജി.വി പ്രകാശ് കുമാറിന്റെ സംഗീതവും ക്രിമിനലുകളുടെ ക്രൂരമായ ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോവുന്നു. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. സംഭാഷണമെഴുതിയത് ശ്രീകാന്ത് വിസ്സയും കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌. ദസറയ്ക്ക് ടൈഗര്‍ നാഗേശ്വര റാവു തിയേറ്ററുകളിലെത്തും. ഒക്ടോബര്‍ 20നാണ് ചിത്രം റിലീസ് ചെയ്യുക.


Related Tags :
Similar Posts