
60കാരന്‍ ടോം ക്രൂയിസിനെ നോക്കെന്ന് സോഷ്യല്‍മീഡിയ; കണ്ടോ ഞങ്ങടെ 71കാരന്‍ മമ്മൂക്കയെ എന്ന് മലയാളികള്‍
|താരത്തിന്‍റെ വ്യത്യസ്തമായ ഓരോ ലുക്കുകളും സോഷ്യല്‍മീഡിയ ആഘോഷമാക്കാറുണ്ട്
മലയാളികളുടെ സ്വകാര്യ അഹങ്കാരമല്ല, പരസ്യമായ അഹങ്കാരം തന്നെയാണ് മമ്മൂട്ടി എന്ന നടന്‍. അതു മലയാളികള്‍ പലയിടത്തും അഭിമാനത്തോടെ പറയാറുമുണ്ട്. പ്രായം ചെല്ലുന്തോറും സൗന്ദര്യം വര്‍ധിക്കുന്ന പ്രതിഭാസമെന്നാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. താരത്തിന്‍റെ വ്യത്യസ്തമായ ഓരോ ലുക്കുകളും സോഷ്യല്‍മീഡിയ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ മെഗാതാരത്തിന്‍റെ പ്രായവും പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവും വീണ്ടും ചര്‍ച്ചയാവുകയാണ്.
സിനിമ ഇൻ മെംമ്സ് എന്ന ഫേസ്ബുക്ക് പേജിൽ അമേരിക്കൻ നടനായ ടോം ക്രൂയ്‌സിന്‍റെ പ്രായത്തെ കുറിച്ച് വന്ന ഒരു പോസ്റ്റിനടിയിലാണ് മമ്മൂക്കയും ചർച്ചയാവുന്നത്. കറുത്ത ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചുള്ള ടോം ക്രൂയിസിന്‍റെ വിവിധ പോസിലുള്ള ഫോട്ടോകളാണ് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 60ാം വയസില്‍ ടോം ക്രൂയിസ് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഇതിനു താഴെയാണ് മലയാളികള്‍ കമന്‍റുകളുമായി എത്തിയത്.
മമ്മൂട്ടിയുടെ സ്റ്റൈലന്‍ ലുക്കിലുള്ള ഫോട്ടോകള്‍ ആരാധകര്‍ കമന്‍റുകളായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാ ഞങ്ങളുടെ 71കാരന്‍ മമ്മൂട്ടി, മമ്മൂട്ടി, ഇന്ത്യന്‍ ആക്ടര്‍, ഏജ്-71, മമ്മൂട്ടിയുടെ മുഴുവന്‍ പേരും ജന്‍മദിനവും വീടും കുടുംബവിവരങ്ങളും അടക്കവും ചില ആരാധകര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ 70ഉം 80ഉം വയസുള്ള മാതാപിതാക്കളുടെ ഫോട്ടോകളും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.