< Back
Entertainment
അന്വേഷിപ്പിന്‍ കണ്ടെത്തും; വീണ്ടും ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ടോവിനോ
Entertainment

അന്വേഷിപ്പിന്‍ കണ്ടെത്തും; വീണ്ടും ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ടോവിനോ

Web Desk
|
8 March 2023 1:34 PM IST

കാപ്പയ്ക്കുശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ടോവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ കോട്ടയത്ത് തിരുന്നക്കര ക്ഷേത്രത്തിൽ വച്ച് നടന്നു. സ്വിച്ച് ഓൺ കർമം ഡയറക്ടർ ഭദ്രനും ഫസ്റ്റ് ക്ലാപ് ഡയറക്ടർ വൈശാഖും നിർവഹിച്ചു. പൂജ വേളയിൽ ടോവിനോ തോമസ്, ഡോൾവിൻ കുര്യക്കോസ്, ജിനു വി എബ്രഹാം, സംവിധായകൻ ഡാർവിൻ കുര്യക്കോസ്, ജോസ് തോമസ് എന്നിവർ പങ്കെടുത്തു.

കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർ ചേർന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' ടോവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്ടുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.


ജോണി ആന്‍റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്ര സംവിധാനത്തിലേക്കെത്തുന്നത്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും. തങ്കത്തിന് ശേഷം ഗൗതം ശങ്കർ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണിത്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ബാബുരാജ്, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, രമ്യാ സുവി (നൻപകൽ നേരത്ത് മയക്കം ഫെയിം) അടക്കം എഴുപതോളം താരങ്ങളാണ് ചിത്രത്തിലുള്ളത്. നായികമാര്‍ പുതുമുഖങ്ങളാണ്.

പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥ പറയുന്ന ഈ സിനിമയുടെ ചിത്രീകരണം രണ്ടു ഘട്ടങ്ങളിലായാണ് പൂർത്തിയാകുക. കോട്ടയം, തൊടുപുഴ, കട്ടപ്പന, എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ.

എഡിറ്റിംഗ്- സൈജു ശ്രീധർ, കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യുംസ്- സമീറ NJ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു, പി.ആർ ഒ . ശബരി.

Similar Posts