Entertainment
ഒഡിയ സീരിയല്‍ താരം രശ്മിരേഖ ഓജ വാടക വീട്ടില്‍ മരിച്ച നിലയില്‍
Entertainment

ഒഡിയ സീരിയല്‍ താരം രശ്മിരേഖ ഓജ വാടക വീട്ടില്‍ മരിച്ച നിലയില്‍

Web Desk
|
21 Jun 2022 10:56 AM IST

നടിയുടെ മരണത്തില്‍ സുഹൃത്ത് സന്തോഷ് പത്രക്ക് പങ്കുണ്ടെന്ന് പിതാവ് ആരോപിച്ചു

ഒഡിഷ: ഒഡിയ സീരിയല്‍ താരം രശ്മിരേഖ ഓജയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നയപള്ളി പ്രദേശത്തുള്ള വീട്ടില്‍ രശ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയുടെ മരണത്തില്‍ സുഹൃത്ത് സന്തോഷ് പത്രക്ക് പങ്കുണ്ടെന്ന് പിതാവ് ആരോപിച്ചു.

ജൂൺ 18ന് രാത്രിയാണ് 23കാരിയായ നടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. തന്‍റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന കുറിപ്പ് ലഭിച്ചതിനാല്‍ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.സി.പി പി.ടി.ഐയോട് പറഞ്ഞു. മകളുടെ മരണവിവരം സന്തോഷ് പത്രയാണ് തന്നെ അറിയിച്ചതെന്ന് രശ്മിരേഖയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ''ശനിയാഴ്ച അവളെ വിളിച്ചിരുന്നെങ്കിലും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. പിന്നീട് സന്തോഷാണ് മരണവിവരം അറിയിക്കുന്നത്. സന്തോഷും രശ്മിയും ഭാര്യാഭര്‍ത്താക്കന്‍മാരായിട്ടാണ് ജീവിച്ചിരുന്നതെന്ന് വീട്ടുടമസ്ഥനില്‍ നിന്നും ഞങ്ങള്‍ക്ക് മനസിലായി. എന്നാല്‍ അതേക്കുറിച്ച് ഞങ്ങള്‍ക്ക് അറിവില്ല'' പിതാവ് കൂട്ടിച്ചേര്‍ത്തു. ഒഡിഷയിലെ ജഗത്സിംഗ്പൂർ ജില്ലക്കാരിയാണ് രശ്മിരേഖ ഓജ. കെമിതി കഹിബി കഹ എന്ന സീരിയലിലൂടെയാണ് നടി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധ നേടിയത്.

Similar Posts