< Back
Entertainment
ശ്രീനിയേട്ടൻ മരിച്ചപ്പോൾ ഞാനും ജയറാമും എത്താതിരുന്നത് ഇക്കാരണം കൊണ്ടാണ്; തുറന്നുപറഞ്ഞ് ഉര്‍വശി
Entertainment

'ശ്രീനിയേട്ടൻ മരിച്ചപ്പോൾ ഞാനും ജയറാമും എത്താതിരുന്നത് ഇക്കാരണം കൊണ്ടാണ്'; തുറന്നുപറഞ്ഞ് ഉര്‍വശി

Web Desk
|
26 Feb 2026 2:41 PM IST

സോഷ്യൽമീഡിയയിൽ വ്യാപക വിമര്‍ശനമാണ് ജയറാമിനെതിരെ ഉയര്‍ന്നത്

തിരുവനന്തപുരം: മലയാളികളെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍റെ മരണം. സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവര്‍ അദ്ദേഹത്തിന് ആദരാഞ്ജലികൾ അര്‍പ്പിക്കാനെത്തിയിരുന്നു. ഇതിനിടെ ശ്രീനിവാസനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ജയറാമിന്‍റെയും ഉര്‍വശിയുടെയും അസാന്നിധ്യം ചര്‍ച്ചയായിരുന്നു. സോഷ്യൽമീഡിയയിൽ വ്യാപക വിമര്‍ശനമാണ് ജയറാമിനെതിരെ ഉയര്‍ന്നത്. എന്തുകൊണ്ടാണ് താനും ജയറാമും ശ്രീനിവാസനെ അവസാനമായി കാണാൻ എത്താതിരുന്നതെന്ന് വ്യക്തമാക്കുകയാണ് ഉര്‍വശി.

ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ശ്രീനിവാസന്‍ മരിച്ചപ്പോള്‍ അവസാനമായി കാണാന്‍ എത്താതിരുന്നത് തമിഴ് സിനിമയുടെ ഷൂട്ടിങ് തിരക്കില്‍ ആയിരുന്നതിനാലാണെന്നും ഉര്‍വശി പറയുന്നു. ജയറാമും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ഉര്‍വശി പറയുന്നു.

ഉർവശിയുടെ വാക്കുകൾ

ഞാനും ജയറാമും പാണ്ഡ്യരാജന്‍റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്‌റ്റേജിലായിപ്പോയി. വല്ലാത്തൊരു സിറ്റുവേഷൻ ആയിരുന്നു അത്. വിട്ടിട്ട് പോന്നാൽ ആ പടം പകുതിക്ക് വെച്ച് നിന്നു പോകും. പകുതിക്ക് നിന്നു പോയാൽ വലിയ നഷ്ടത്തിലേക്ക് ആ പ്രൊഡ്യൂസറെയും സംവിധായകനെയും തള്ളിവിടേണ്ടി വരും. അങ്ങനത്തെ ഒരു അവസ്ഥയിലായിപ്പോയി. ഇല്ലെങ്കിൽ ആദ്യം ഓടിയെത്തുന്ന ആളായിരിക്കും ഞാൻ. പിന്നെ അങ്ങനെ പ്രൂവ് ചെയ്യേണ്ട ആവശ്യം എനിക്കില്ല. അത് ശ്രീനിയേട്ടനും അറിയാം, ആ കുടുംബത്തിനും അറിയാം. ജയറാമിന് പോകാൻ പറ്റാത്തതിന്‍റെ കാരണം വ്യക്തമായി എനിക്ക് അറിയാം. ഞങ്ങൾ രണ്ടുപേരും ആ സിനിമയിൽ പെട്ടു പോയതാണ്. അല്ലെങ്കിൽ ജയറാം വരാതിരിക്കുമോ?

ധ്യാൻ ഒരുപാട് കളിയാക്കുന്ന ആൾ ആണെങ്കിലും മനസ് കുട്ടികളുടെതാണ്. ശ്രീനിയേട്ടന്‍റെ മരണത്തിൽ ഏറ്റവും കൂടുതൽ പൊട്ടിപ്പോയത് അവനാണ്. ഞാൻ കണ്ടതിൽ വച്ച് ആത്മവിശ്വാസത്തിന്‍റെ പ്രതീകമാണ് ശ്രീനിവാസൻ. സിനിമയ്ക്ക് സൗന്ദര്യത്തിന്‍റെ ഒന്നും ആവശ്യമില്ലെന്ന് തെളിയിച്ച നടനാണ് അദ്ദേഹം. ജനങ്ങൾക്ക് ഇഷ്‌ടപ്പെടുന്ന സിനിമ എടുക്കുക എന്നത് വലിയ സംഭവമാണ്. ഓർമ്മയിൽ തങ്ങിനിൽക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

Similar Posts