
'ഇരട്ടത്താപ്പിന്‍റെ റാണിമാര്‍, പുരുഷൻമാരെ ആക്രമിക്കാനുണ്ടാക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പ്'; ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് വിജയ് ബാബു
|ഒരു പുരുഷനെയോ പുരുഷന്മാരേയോ ആക്രമിക്കണം എന്ന് തോന്നുമ്പോള്‍ അവര്‍ ഒരു കളക്ടീവായി ഒത്തുചേരും
ഗീതു മോഹൻദാസിന്‍റെ പുതിയ ചിത്രം ടോക്സ്കിന്‍റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ സംവിധായികക്കും ഡബ്ള്യൂസിസിയിലെ അംഗങ്ങളായ നടിമാര്‍ക്കുമെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. വിമര്‍ശനങ്ങൾക്കിടെ ഗീതുവിന് പിന്തുണയുമായി റിമ കല്ലിങ്കൽ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഗീതുവിനും റിമയ്ക്കുമെതിരെ നിര്‍മാതാവും നടനുമായ വിജയ് ബാബുവും രംഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയേയും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിക്കുന്നുണ്ട്.
''ഇരട്ടത്താപ്പിന്‍റെ റാണിമാരെക്കുറിച്ച്. അവര്‍ പറയുന്ന കഥകള്‍ ആകുമ്പോള്‍, ഓരോരുത്തരേയും പിന്‍ പോയന്റ് ചെയ്ത് കഥകള്‍ പറയാന്‍ പോയാല്‍ തീരില്ല. കമന്റ് ചെയ്യുന്നതില്‍ നിന്നും അകന്നു നില്‍ക്കുന്നു. കാരണം എല്ലാ പ്രിവിലേജുകളുമുള്ള, തങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് എല്ലായിപ്പോഴും വാക്കുകളും പ്രവര്‍ത്തികളും വളച്ചൊടിക്കുന്നവരാണ് അവര്‍.
ഒരു പുരുഷനെയോ പുരുഷന്മാരേയോ ആക്രമിക്കണം എന്ന് തോന്നുമ്പോള്‍ അവര്‍ ഒരു കളക്ടീവായി ഒത്തുചേരും. അത് കഴിയുമ്പോള്‍ പിരിഞ്ഞു പോവുകയും അടുത്തൊരു അവസരം വരുമ്പോള്‍ വീണ്ടും ഒരുമിച്ചു ചേരുകയും ചെയ്യും. പക്ഷെ അവര്‍ക്ക് സ്വന്തമായൊരു നിലവാരമല്ലോ നിലപാടോ ഇല്ല. തലയില്ല, വാലില്ല, ധര്‍മമോ, പോളിസകളോ, നിയമങ്ങളോ ഇല്ല. അവര്‍ക്ക് മാത്രം അറിയാവുന്ന താല്‍പര്യങ്ങള്‍ക്കായി രൂപീകരിച്ചൊരു വാട്‌സ് ആപ്പ് ഗ്രൂപ്പ് മാത്രമാണ്'' എന്നാണ് വിജയ് കുറിച്ചത്.
കന്നഡ സൂപ്പര്‍താരം യാഷ് നായകനാകുന്ന ചിത്രം എന്നതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടോക്‍സിക്. എന്നാൽ ടീസറിങ്ങിയതോടെ വിവാദങ്ങൾക്ക് തിരികൊളുത്തി. നായകന്‍റെ ഇൻട്രോ സീനും ഇന്‍റിമേറ്റ് രംഗങ്ങളുമാണ് ചര്‍ച്ചയായത്. മുൻപ് മമ്മൂട്ടി നായകനായ കസബ സിനിമയുമായി ബന്ധപ്പെട്ട് ഗീതു മോഹൻദാസും പാര്‍വതി തിരുവോത്തും പറഞ്ഞ കാര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽമീഡിയയിൽ ചര്‍ച്ചകൾ കൊഴുക്കുന്നത്. കസബ സ്ത്രീവിരുദ്ധ ചിത്രമാണെന്ന് പറയാൻ എന്തൊരു ആവേശമായിരുന്നുവെന്നും എന്നാൽ ഗീതുവിന്‍റെ ചിത്രം പക്കാ സ്ത്രീവിരുദ്ധമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ടോക്‍സിക് ടീസറിന് പിന്നാലെ കസബ സംവിധായകൻ നിഥിൻ രൺജി പണിക്കറും രംഗത്തെത്തിയിരുന്നു. ''നിങ്ങള്‍ കെട്ടിയാടുന്ന കാപട്യ വ്യക്തിത്വം, നിങ്ങളുടെ തന്നെ ആദര്‍ശങ്ങളെ മറക്കുമ്പോള്‍, കാപട്യം അവിടെ പൂത്തുലയുന്നു. പിന്നാലെ ജീര്‍ണതയും (അങ്ങനെയുണ്ടാവില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു)'' എന്നായിരുന്നു നിഥിന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി.