Entertainment
vijay sethupathy and kriti shetty
Entertainment

മകളായി അഭിനയിച്ച കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല: വിജയ് സേതുപതി

Web Desk
|
23 Sept 2023 5:32 PM IST

"കൃതി എനിക്ക് മകളെപ്പോലെയാണ്. അവരെ നായികയായി സങ്കൽപ്പിക്കാൻ പോലുമെനിക്കാകില്ല"

2021ൽ പുറത്തിറങ്ങിയ 'ഉപ്പെണ്ണ'യ്ക്ക് ശേഷം നടി കൃതി ഷെട്ടിക്കൊപ്പം ഇതുവരെ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി. കൃതിയുടെ അച്ഛനായി അഭിനയിച്ച ശേഷം നായകനായി വേഷമിടാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് സേതുപതി പറയുന്നത്. ഒരു തെലങ്കു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷം മുമ്പ് നൽകിയ അഭിമുഖം ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

സേതുപതി അച്ഛനും കൃതി മകളുമായി വേഷമിട്ട ഉപ്പെണ്ണ തിയേറ്ററിൽ വൻ വിജയമായിരുന്നു. മികച്ച തെലുങ്ക് ചിത്രത്തിനുള്ള ആ വർഷത്തെ ദേശീയ പുരസ്‌കാരവും നേടിയിരുന്നു. സിനിമയുടെ വിജയശേഷം ഇരുവരെയും പ്രധാന കഥാപാത്രങ്ങളായി നിരവധി പ്രോജക്ടുകൾ വന്നെങ്കിലും വിജയ് സമ്മതം മൂളിയിരുന്നില്ല.


കൃതി ഷെട്ടി
കൃതി ഷെട്ടി


'ബെബമ്മയുടെ (കൃതി) അച്ഛനായി തെലുങ്ക് ചിത്രമായ ഉപ്പെണ്ണയിൽ ഞാനൊരു വേഷം ചെയ്തിരുന്നു. അതിന്റെ വിജയത്തിനു ശേഷം ഒരു തമിഴ് ചിത്രത്തിൽ ഒപ്പുവച്ചു. ഹീറോയിനായി കൃതി ഷെട്ടി വന്നാൽ നന്നാകും എന്നായിരുന്നു ഫിലിം യൂണിറ്റ് ചിന്തിച്ചത്. എനിക്ക് അവരുടെ ഫോട്ടോ കിട്ടിയ വേളയിൽ ഞാൻ അണിയറ പ്രവർത്തകരെ വിളിച്ചു. തെലുങ്ക് ചിത്രത്തിൽ അച്ഛനായി അഭിനയിച്ച കാര്യം പറഞ്ഞു. അവരുമായി റൊമാന്റികായി അഭിനയിക്കാൻ ആകുമായിരുന്നില്ല. അതുകൊണ്ട് നായികയെ മാറ്റണമെന്ന് ഞാൻ പറഞ്ഞു' - എന്നായിരുന്നു സേതുപതിയുടെ വാക്കുകൾ.


വിജയ് സേതുപതി
വിജയ് സേതുപതി


ഉപ്പെണ്ണയുടെ ചിത്രീകരണ വേളയിലെ അനുഭവവും നടൻ പങ്കുവച്ചു. 'ഉപ്പെണ്ണയിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുകയാണ്. ഞങ്ങൾക്കിടയിലുള്ള ഒരു രംഗമാണ്. കൃതി ഷെട്ടി ആകെ ആശയക്കുഴപ്പത്തിലായി നിൽക്കുന്നത് ഞാൻ കണ്ടു. നിങ്ങളുടെ പ്രായമുള്ള ഒരു മകൻ എനിക്കുണ്ട്, നിങ്ങൾ എനിക്ക് മകളെപ്പോലെയാണ് എന്നു പറഞ്ഞ് ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു. ഒരു ഭയവും കൂടാതെ അഭിനയിക്കൂ എന്നും പറഞ്ഞു. കൃതി എനിക്ക് മകളെപ്പോലെയാണ്. അവരെ നായികയായി സങ്കൽപ്പിക്കാൻ പോലുമെനിക്കാകില്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.

ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം 'അജയന്റെ രണ്ടാം മോഷണം' ആണ് കൃതിയുടെ അടുത്ത ചിത്രം. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവർക്കൊപ്പമാണ് കൃതി സിനിമയുടെ ഭാഗമാകുന്നത്. കൃതിയുടെ മലയാള അരങ്ങേറ്റം കൂടിയാണിത്. ലക്ഷ്മി എന്ന കഥാപാത്രമായാണ് നടിയെത്തുന്നത്.

Similar Posts