< Back
Entertainment
ഉണ്ണി മുകുന്ദന്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന വാദം തെറ്റ്; പൊലീസ് എല്ലാം ശേഖരിച്ചു: വിപിന്‍ കുമാര്‍
Entertainment

ഉണ്ണി മുകുന്ദന്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന വാദം തെറ്റ്; പൊലീസ് എല്ലാം ശേഖരിച്ചു: വിപിന്‍ കുമാര്‍

Web Desk
|
31 May 2025 8:48 PM IST

സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ലെന്ന വാദം പെയ്ഡ് പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്ന് വിപിന്‍ കുമാര്‍

കൊച്ചി: ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചെന്ന് നടന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ലെന്ന വിവരം പെയ്ഡ് പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്നും ഫേസ്ബുക്ക് പേജിലൂടെ നടനും ഇത് സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും വിപിന്‍ പറഞ്ഞു. അതിനുശേഷം കടുത്ത സൈബര്‍ അറ്റാക്ക് നേരിട്ടതായും അദ്ദേഹം തുറന്നുപറഞ്ഞു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ കുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

''സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന ഉണ്ണി മുകുന്ദന്റെ വാദത്തെ പെയ്ഡ് പ്രൊപ്പഗാണ്ടയുടെ ഭാഗമായിട്ടാണ് ഞാന്‍ കാണുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഇല്ല, കേസ് അടിസ്ഥാനരഹിതമെന്ന് ഒരു ചാനല്‍ വാര്‍ത്ത കൊടുത്തു. രണ്ട് മണി സമയത്താണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ അന്ന് വൈകുന്നേരമാണ് സിസിടിവി ദൃശ്യം പരിശോധിക്കാന്‍ പൊലീസ് എന്റെ ഫ്‌ളാറ്റിലേക്ക് വന്നത്. ഞാനും പൊലീസും സൈബര്‍ ടീമും ഒരുമിച്ചാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഇത് സംഭവിക്കുന്നത് ആറ് മണിക്കാണ്. എന്നാല്‍ ഉച്ചക്ക് രണ്ടു മണിക്കു തന്നെ വ്യാജ വാര്‍ത്ത വന്നു. ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു. സിസിടിവി പരിശോധിക്കുമ്പോഴാണ് ഈ വിവരം എനിക്ക് സുഹൃത്തുക്കള്‍ അയച്ചു തരുന്നത്. ഇതിനൊക്കെ ഞാന്‍ എന്താണ് പറയേണ്ടത്. ഞങ്ങളാണോ അന്വേഷിക്കുന്നത് അതോ അവരാണോയെന്ന് എന്നോട് പൊലീസ് ചോദിച്ചു. സിസിടിവി ദൃശ്യങ്ങളുടെ ബാക്ക് അപ്പ് പൊലീസ് എടുത്തുകൊണ്ടുപോയി. അവര്‍ അത് പരിശോധിക്കുകയാണ്,'' വിപിന്‍ കുമാര്‍ പറഞ്ഞു.

തനിക്കെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും കുടുംബത്തിന് നേരെയും സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് വിപിന്‍ പറഞ്ഞു. ഉണ്ണി മുകുന്ദനെതിരെ താന്‍ കള്ള കേസ് കൊടുത്തതായാണ് താന്‍ ഇതുവരെ കാണാത്ത പലരും സൈബര്‍ ആക്രമണത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. ഇതെല്ലാം തന്നെയും കുടുംബത്തെയും വലിയ ട്രോമയിലേക്ക് തള്ളിവിടുന്നതായും വിപിന്‍ കുമാര്‍ പറഞ്ഞു.

Similar Posts