< Back
Entertainment
എന്താണ് മിന്നല്‍ വള? വ്യക്തമാക്കി കൈതപ്രം
Entertainment

എന്താണ് 'മിന്നല്‍ വള'? വ്യക്തമാക്കി കൈതപ്രം

Web Desk
|
10 Jun 2025 10:09 PM IST

'മിന്നല്‍ വള' കടമെടുത്തതാണെന്ന് കൈതപ്രം

കൊച്ചി: ടൊവിനോ തോമസ് നായകനായ പുതിയ ചിത്രമാണ് നരിവേട്ട. ചിത്രത്തിലെ ''മിന്നല്‍ വള കയ്യിലിട്ട പെണ്ണഴകേ'' എന്ന പ്രണയഗാനം സിനിമയുടെ റിലീസിന് മുന്നേ തന്നെ പ്രേക്ഷകരുടെ ഇഷ്ടഗാനമായി മാറിയിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ഗാനത്തിന്റെ മനോഹരമായ വരികള്‍ എഴുതിയത്. ജേക്‌സ് ബിജോയ് കംമ്പോസ് ചെയ്ത ഗാനം ഒരു ചെറിയ ഇടവേളക്ക് ശേഷം മുഖ്യധാര സിനിമ സംഗീതത്തിലേക്കുള്ള കൈതപ്രത്തിന്റെ തിരിച്ചു വരവായാണ് അടയാളപ്പെടുത്തുന്നത്.

പാട്ടിലെ ''മിന്നല്‍ വള'' എന്ന വാക്ക് ഏവരിലും ഒരു കൗതുകം ഉണര്‍ത്തുന്നതാണ്. ഇപ്പോഴിതാ ഗാനരചയിതാവായ കൈതപ്രം തന്നെ മിന്നല്‍ വള എന്ന സങ്കല്‍പത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കാളിദാസന്റെ ഇതിഹാസ കാവ്യമായ രഘുവംശത്തില്‍ നിന്നാണ് താന്‍ മിന്നല്‍ വള എന്ന വാക്ക് കടമെടുത്തതെന്ന് കൈതപ്രം പറഞ്ഞു. ഭൂമി പുത്രിയായ സീതയുടെ കൈകളില്‍ മിന്നല്‍ വളയായി രൂപപ്പെട്ടിരുന്നു. ഇതാണ് താന്‍ ഗാനത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

''മിന്നല്‍ വള ശരിക്കും കാളിദാസനിലാണ് പോയി എത്തിച്ചേരുക. ശ്രീരാമന്‍ സീതക്ക് ഒപ്പം ലങ്കയില്‍ നിന്ന് തിരിച്ചു വന്നത് ഒരു പുഷ്പക വിമാനത്തിലാണ്. അന്നത്തെ വിമാനം എന്നുപറയുന്നത് കൈയ്യ് പുറത്തേക്ക് ഇടാന്‍ കഴിയുന്ന തരത്തിലുള്ളതാണ് എന്നാണ് കഥയില്‍ പറയുന്നത്. വരുന്ന വഴിക്ക് സീത കൈ പുറത്തേക്ക് ഇട്ടപ്പോള്‍ മിന്നലുകള്‍ വളയായി മാറി എന്നൊരു കഥയുണ്ട്. അതിന് വേറൊരു ന്യായം കൂടിയുണ്ട്. സീത ഭൂമി പുത്രിയാണ്. അതിനാല്‍ എര്‍ത്താണ്. അപ്പോള്‍ മിന്നല്‍ ചുറ്റും,'' അദ്ദേഹം പറഞ്ഞു.

സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ചിത്രത്തിലെ ഈ മനോഹരമായ ഗാനം ആലപിച്ചത്. 2003 ലെ മുത്തങ്ങ സമരത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ''നരിവേട്ട'' ഇതിനോടകം തന്നെ വലിയ പ്രേക്ഷകപ്രീതി നേടിയെടുത്തു കഴിഞ്ഞു. അബിന്‍ ജോസഫ് രചിച്ച ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്തത്.

Similar Posts