< Back
Entertainment
മമ്മൂട്ടി വായിക്കുന്ന ആ പുസ്തകം ഏതാണ്? എന്താണ് അതിന്‍റെ പ്രത്യേകത
Entertainment

മമ്മൂട്ടി വായിക്കുന്ന ആ പുസ്തകം ഏതാണ്? എന്താണ് അതിന്‍റെ പ്രത്യേകത

Web Desk
|
13 Jan 2026 3:46 PM IST

മിക്കേജ് സകുരായ് എന്ന ജാപ്പനീസ് യുവതിയുടെ ജീവിതത്തിലൂടെയാണ് കിച്ചൺ കടന്നുപോകുന്നത്

കൊച്ചി: ഫോട്ടോഗ്രഫി പോലെ നടൻ മമ്മൂട്ടിയുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ് വായനയും. താരത്തിന്‍റെ പുസ്തകപ്രേമത്തെക്കുറിച്ചും ആരാധകര്‍ക്കറിയാം. ഈയിടെ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം പേഴ്സണൽ സെക്രട്ടറിയും നടന്‍റെ സന്തതസഹചാരിയുമായ ജോര്‍ജ് സെബാസ്റ്റ്യൻ ഈയിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതോടെ തങ്ങളുടെ പ്രിയതാരം വായിക്കുന്ന നോവൽ ഏതാണെന്ന തിരച്ചിലിലായിരുന്നു ആരാധകര്‍.

ഏതാണ് ആ പുസ്തകം

പ്രശസ്ത ജാപ്പനീസ എഴുത്തുകാരി ബനാന യോഷിമോട്ടോയുടെ 'കിച്ചൺ' എന്ന നോവലാണ് മമ്മൂട്ടി ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍റര്‍നാഷണൽ ബെസ്റ്റ് സെല്ലറായ ഈ നോവൽ 1988ലാണ് പുറത്തിറങ്ങുന്നത്. 1993ൽ മേഗൻ ബാക്കസ് കിച്ചൻ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു.

മിക്കേജ് സകുരായ് എന്ന ജാപ്പനീസ് യുവതിയുടെ ജീവിതത്തിലൂടെയാണ് കിച്ചൺ കടന്നുപോകുന്നത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട മിക്കേജിനെ വളര്‍ത്തിയത് മുത്തശ്ശിമാരായിരുന്നു. ഇവരുടെ മരണത്തോടെ ഒറ്റക്കായി പോകുന്ന മിക്കേജ് അനുഭവിക്കുന്ന സങ്കടത്തെയും ഏകാന്തതയെക്കുറിച്ചാണ് നോവൽ പറയുന്നത്.

പുസ്തകത്തിന് 'കിച്ചൺ' എന്ന പേര് നൽകിയതിനും കാരണമുണ്ട്. കാരണം, മിക്കേജിന് സന്തോഷം നൽകുന്ന ഒരു സ്ഥലമാണ് അടുക്കള. അവളെ ശാന്തയാക്കുകയും സംരക്ഷിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ഇടം. ഈ ലോകത്ത് അവൾക്ക് ഏകാന്തത തോന്നാത്ത സ്ഥലം. മരണം, ഏകാന്തത,സ്നേഹം എന്നിവയെ വളരെ ലളിതമായ രീതിയിലാണ് യോഷിമോട്ടോ കിച്ചണിൽ അവതരിപ്പിക്കുന്നത്.

ബനാന യോഷിമോട്ടോ

ജാപ്പനീസ് എഴുത്തുകാരിയായ മഹോകോ യോഷിമോട്ടോയുടെ തൂലികാനാമമാണ് ബനാന യോഷിമോട്ടോ. 1964-ൽ ടോക്കിയോയിലാണ് അവർ ജനിച്ചത്. കവിയും നിരൂപകനുമായ തകാകി യോഷിമോട്ടോ ആണ് പിതാവ്. സഹോദരി ഹരുണോ യോയിക്ക ജപ്പാനിലെ അറിയപ്പെടുന്ന കാർട്ടൂണിസ്റ്റാണ്.യോഷിമോട്ടോ 1986ൽ എഴുതിയ 'മൂൺലൈറ്റ് ഷാഡോ' ചെറുകഥ വായനക്കാരെ ആകര്‍ഷിച്ചിരുന്നു. യോഷിമോട്ടോയുടെ കിച്ചൺ എന്ന നോവലിന്‍റെ മിക്ക പതിപ്പുകളിലും ഈ ചെറുകഥ ഉൾപ്പെടുത്തിയിട്ടുണ്ട്.

Similar Posts