< Back
Entertainment
കയ്യിലും കഴുത്തിലും നിറയെ സ്വര്‍ണം; പൊന്നില്‍ കുളിച്ച് പാടാനെത്തുന്ന ബപ്പി ലാഹിരി
Entertainment

കയ്യിലും കഴുത്തിലും നിറയെ സ്വര്‍ണം; പൊന്നില്‍ കുളിച്ച് പാടാനെത്തുന്ന ബപ്പി ലാഹിരി

Web Desk
|
16 Feb 2022 1:19 PM IST

കഴുത്തില്‍ നിരവധി സ്വര്‍ണച്ചെയിനുകളോടെ അല്ലാതെ ബപ്പി ലാഹിരിയെ ആരും കണ്ടിട്ടില്ല

ഒരു കാലത്ത് ബോളിവുഡില്‍ നിറഞ്ഞു നിന്ന സംഗീതമായിരുന്നു ബപ്പി ലാഹിരിയുടേത്. ഈണങ്ങള്‍ കൊണ്ടും മാന്ത്രിക ശബ്ദം കൊണ്ടും അദ്ദേഹം ആരാധകരെ പിടിച്ചിരുത്തി. പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ, ഐ ആം എ ഡിസ്കോ ഡാൻസർ, യാർ ബിനാ ചെയിൻ കഹാൻ റേ, തമ്മ തമ്മ ലോഗെ, ഓഹ് ലാ ലാ തുടങ്ങി അവിസ്മരണീയമായ നിരവധി ഗാനങ്ങൾക്ക് അദ്ദേഹം സ്വരമായി മാറി. ഷറാബി, ഡിസ്കോ ഡാൻസർ, ചൽത്തേ ചൽത്തേ തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതവും നൽകി. പാട്ടിലൂടെ മാത്രമല്ല തന്‍റെ സിഗ്നേച്ചര്‍ ഡ്രസിംഗ് രീതിയിലൂടെയും ബാപ്പി ശ്രദ്ധിക്കപ്പെട്ടു.


കഴുത്തില്‍ നിരവധി സ്വര്‍ണച്ചെയിനുകളോടെ അല്ലാതെ ബപ്പി ലാഹിരിയെ ആരും കണ്ടിട്ടില്ല. സ്വര്‍ണം അത്ര ഇഷ്ടമായിരുന്നു ബാപ്പിക്ക്. ലെയേർഡ് ചെയിൻ മുതൽ വളകളും മോതിരങ്ങളും വരെ, സ്വർണ്ണാഭരണങ്ങൾ അദ്ദേഹത്തിന്‍റെ ഐഡന്‍റിറ്റിയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിരുന്നു. സ്വര്‍ണം തന്‍റെ ഭാഗ്യമാണെന്നും തന്‍റെ വിജയത്തിന് കാരണം സ്വര്‍ണാഭരണങ്ങളാണെന്നും ബാപ്പി വിശ്വസിച്ചിരുന്നു. ഹരേ രാമ ഹരേ കൃഷ്ണയുടെ ചിത്രമുള്ള ലോക്കറ്റുള്ള ഒരു സ്വർണ്ണ ചെയിൻ അമ്മ സമ്മാനിച്ചതിന് ശേഷമാണ് തനിക്ക് ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ലഭിച്ചതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.തനിക്ക് സ്വർണം ഭാഗ്യമാകുമെന്ന് പറഞ്ഞത് അമ്മയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.


തന്‍റെ പല സ്വർണ്ണ ചെയിനുകളിലും ദൈവത്തിന്‍റെ ലോക്കറ്റുകളുണ്ടെന്നും ആ സ്വർണ മാലകള്‍ ധരിക്കുന്നത് ദൈവത്തെ കൂടെ കൊണ്ടുപോകുന്നതിനു തുല്യമാണെന്നും ഡിസ്കോ ഗായകന്‍ പറഞ്ഞിരുന്നു. ''എനിക്ക് ഏഴ് സ്വര്‍ണ ചെയിനുകളുണ്ട്. ഗണപതി എന്‍റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഞാൻ സിദ്ധിവിനായകിന്‍റെയും ലാൽബാഗ്‌ച രാജയുടെയും വലിയ അനുയായിയാണ്. നെഞ്ചില്‍ ഗണപതിയെ ധരിക്കണമെന്ന് സ്വപ്നത്തില്‍ എന്നോട് ആവശ്യപ്പെട്ടു. താമസിയാതെ, എന്‍റെ സംഗീത നേട്ടത്തിന്‍റെ പേരിൽ ഞാൻ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി. മൂന്ന് വർഷം മുമ്പ് എന്‍റെ മകൾ റീമ എന്‍റെ ജന്മദിനത്തിൽ സരസ്വതി ലോക്കറ്റുള്ള ഒരു വലിയ സ്വർണ ചെയിൻ സമ്മാനിച്ചു. ഞാൻ എവിടെ യാത്ര ചെയ്താലും ചില സ്വർണാഭരണങ്ങളും കൂടെയുണ്ടാകും. എന്‍റെ സ്വർണാഭരണങ്ങള്‍ വളരെ ഭാരമുള്ളതാണ്, അതെല്ലാം എന്‍റെ കൂടെ വിദേശത്ത് കൊണ്ടുപോകാൻ കഴിയില്ല. എന്‍റെ സ്വർണാഭരണങ്ങൾ ഞാൻ ഒരിക്കലും തൂക്കിനോക്കിയിട്ടില്ല.'' ബപ്പി ലാഹിരി ഒരിക്കല്‍ പറഞ്ഞു.

Similar Posts