< Back
Entertainment
എന്നെ വേറെ ആരാണ് വിശ്വസിക്കുക? സൂര്യയെ നായകനാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുമെന്ന് കാർത്തി
Entertainment

എന്നെ വേറെ ആരാണ് വിശ്വസിക്കുക? സൂര്യയെ നായകനാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുമെന്ന് കാർത്തി

Web Desk
|
17 Oct 2022 10:45 AM IST

മണി രത്നത്തിനൊപ്പം സംവിധാന സഹായി ആയാണ് കാർത്തിയുടെ പിന്നണി പ്രവേശം

സൂര്യയെ നായകനാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി സഹോദരനും നടനുമായ കാർത്തി. മണി രത്നത്തിനൊപ്പം സംവിധാന സഹായി ആയാണ് കാർത്തിയുടെ പിന്നണി പ്രവേശം. സൂര്യക്ക് തന്നെ മനസിലാകുമെന്നും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം എളുപ്പമാകുമെന്നും കാർത്തി പറഞ്ഞു.

'സർദാറി'ന്റെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാർത്തി. സംവിധാന രംഗത്തെ പ്രവേശനത്തേക്കുറിച്ചുള്ള ചോദ്യത്തിന് ഉടൻ സംവിധായകനാകുമെന്നും എന്നാൽ കൃത്യമായ പദ്ധതി മനസിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സൂര്യ ആയിരിക്കും നായകൻ എന്ന കാര്യത്തിൽ സംശയമില്ലെന്നായിരുന്നു നടന്റെ പ്രതികരണം.

'എന്നെ വേറെ ആരാണ് വിശ്വസിക്കുക? എന്നെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് സഹോദരനാണ്. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്നത് എന്റെ ആഗ്രഹമാണ്. അനായാസം കഥാപാത്രമാകുകയും കഥാപാത്രത്തിനായി എല്ലാം നൽകുകയും ചെയ്യുന്ന നടനാണ് സൂര്യ. സംവിധാന സഹായിയായി തുടങ്ങിയ കാലം മുതൽ ചേട്ടനൊപ്പം സിനിമ ചെയ്യുക എന്നത് എന്റെ മോഹമാണ്. എന്നെ നന്നായി മനസിലാക്കും എന്നതിനാൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് എന്നെ സംബന്ധിച്ച് എളുപ്പമായിരിക്കും. എനിക്ക് സംശയം തോന്നിയാൽ പോലും അദ്ദേഹം അത് നന്നായി മനസിലാക്കും,'കാർത്തി പറഞ്ഞു.

സർദാർ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിരുന്നു. പി എസ് മിത്രനാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നടി രജീഷ വിജയൻ ചിത്രത്തിന്റെ ഭാഗമാണ്. പ്രിൻസ് പിക്ചേഴ്സിന്റ ബാനറിൽ എസ് ലക്ഷ്‍മൺ കുമാറാണ് ചിത്രത്തിൻ്റെ നിർമ്മാണം. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽ മുടക്കിലുള്ള ചിത്രമാണ് ഇത്. ഒക്ടോബർ 21 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Similar Posts