< Back
Entertainment
Zaira Wasim
Entertainment

നിഖാബ് അഴിക്കാൻ പറഞ്ഞ് പലരും പിറകെക്കൂടി; ഞാനത് ചെയ്തില്ല-സൈറ വസീം

Web Desk
|
29 May 2023 3:37 PM IST

നിഖാബ് അഴിക്കാതെ ഭക്ഷണം കഴിക്കുന്ന സ്ത്രീയുടെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു സൈറ വസീം

മുംബൈ: നിഖാബ് ധരിച്ച് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യംചെയ്തയാൾക്ക് മറുപടിയുമായി മുൻ ബോളിവുഡ് താരം സൈറാ വസീം. നിഖാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്നത് തീർത്തും തന്റെ ചോയ്‌സാണെന്ന് അവർ പ്രതികരിച്ചു.

നിഖാബ് ധരിച്ച് ഭക്ഷണം കഴിക്കുന്ന സ്ത്രീയുടെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ഒരു ട്വീറ്റിനോടായിരുന്നു സൈറയുടെ പ്രതികരണം. ഇതൊരു മനുഷ്യന്റെ ചോയ്‌സ് ആണോ എന്നായിരുന്നു ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യം. ഇതിനോട് അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു:

'ഒരു വിവാഹത്തിൽ പങ്കെടുത്തപ്പോൾ ഇതുപോലെത്തന്നെയാണ് ഞാനും ഭക്ഷണം കഴിച്ചത്. അതു തീർത്തും എന്റെ തിരഞ്ഞെടുപ്പാണ്. എന്റെ ചുറ്റുമുള്ള ആളുകളെല്ലാം നിഖാബ് അഴിക്കാൻ പറഞ്ഞ് പിറകെ കൂടിയിട്ടും ഞാനത് ചെയ്തില്ല. നിങ്ങൾക്കു വേണ്ടിയല്ല ഞങ്ങളത് ചെയ്യുന്നത്. അതിനെ അങ്ങനെത്തന്നെ ഉൾക്കൊള്ളാൻ ശ്രമിക്കണം.'-

ആമിർ ഖാൻ ചിത്രം 'ദംഗലി'ലൂടെയാണ് സൈറ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ഗുസ്തിതാരം ഗീത ഫൊഗട്ടിന്റെ റോളിലെത്തിയ സൈറ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഫിലിംഫെയർ ക്രിറ്റിക്‌സ് പുരസ്‌കാരവും മികച്ച ബാനനടിക്കുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരവുമെല്ലാം വാരിക്കൂട്ടി. പിന്നീട് 'ദ സ്‌കൈ ഈസ് പിങ്കി'ലും അഭിനയിച്ചു. 2019ലാണ് മതവിശ്വാസം ചൂണ്ടിക്കാട്ടി ചലച്ചിത്രരംഗത്തുനിന്ന് പൂർണമായും പിന്മാറുകയാണെന്ന് അവർ പ്രഖ്യാപിച്ചത്.

Summary: ‘Purely my choice’: Zaira Wasim speaks for woman eating in niqab

Similar Posts