< Back
Europe
ഇറാനെതിരായ ആക്രമണം: ഇസ്രായേലിലെ അംബാസഡറെ പിൻവലിച്ച് സ്‌പെയിൻ
Europe

ഇറാനെതിരായ ആക്രമണം: ഇസ്രായേലിലെ അംബാസഡറെ പിൻവലിച്ച് സ്‌പെയിൻ

അഹമ്മദലി ശര്‍ഷാദ്
|
11 March 2026 7:49 PM IST

അംബാസഡറെ പിൻവലിക്കുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പദവി 'ചാർജ് ഡി അഫയേഴ്‌സ്' എന്ന താഴ്ന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്

മാഡ്രിഡ്: ഇസ്രായേലിലെ അംബാസഡറെ പിൻവലിച്ച് സ്‌പെയിൻ. ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് നടപടി. സ്ഥിരമായി അംബാസഡറെ പിൻവലിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തങ്ങളുടെ അംബാസഡറായ അന സലോമൻ പെരസിനെ പിൻവലിക്കാൻ സ്‌പെയിൻ തീരുമാനിച്ചത്. അംബാസഡറെ പിൻവലിക്കുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പദവി 'ചാർജ് ഡി അഫയേഴ്‌സ്' എന്ന താഴ്ന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.

സ്പാനിഷ് സർക്കാരിനെതിരെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ വിദ്വേഷ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സെപ്റ്റംബറിൽ സലോമൻ പെരസിനെ കൂടിയാലോചനകൾക്കായി സ്‌പെയിനിലേക്ക് തിരിച്ചുവിളിച്ചിരുന്നു. അന്നുമുതൽ അവർ സ്‌പെയിനിലാണ്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച സ്‌പെയിനിന്റെ നടപടിയിൽ പ്രതിഷേധിച്ച് 2024 മേയിൽ ഇസ്രായേൽ തങ്ങളുടെ അംബാസഡർ റോഡിക്ക റേഡിയൻ ഗോർഡനെ മടക്കിവിളിച്ചിരുന്നു. നിലവിൽ ഡാന എർലിച്ച് ആണ് സ്‌പെയിനിൽ ഇസ്രായേലിനെ പ്രതിനിധീകരിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർണമായി പുനഃസ്ഥാപിക്കണമെങ്കിൽ സ്‌പെയിൻ പുതിയൊരു അംബാസഡറെ നിയമിക്കുകയും ഇസ്രായേൽ അധികൃതരുടെ അംഗീകാരം തേടുകയും വേണം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായാണ് ഈ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

Similar Posts