< Back
Europe
ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് യുകെ സൈനിക താവളങ്ങൾ വിട്ടുനൽകും: കിയ സ്റ്റാർമർ
Europe

ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് യുകെ സൈനിക താവളങ്ങൾ വിട്ടുനൽകും: കിയ സ്റ്റാർമർ

അഹമ്മദലി ശര്‍ഷാദ്
|
2 March 2026 5:54 PM IST

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ട യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ബ്രിട്ടൻ പങ്കെടുത്തിട്ടില്ലെന്ന് കിയ സ്റ്റാമർ വ്യക്തമാക്കി

ലണ്ടൻ: ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് സൈനിക താവളങ്ങൾ വിട്ടുനൽകണമെന്ന യുഎസിന്റെ ആവശ്യം അംഗീകരിച്ച് യുകെ. ഇറാന്റെ മിസൈൽ ശേഖരണ കേന്ദ്രങ്ങൾക്കും ലോഞ്ചറുകൾക്കും എതിരായ ആക്രമണങ്ങൾക്കായി ബ്രിട്ടിഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യർഥന രാജ്യം അംഗീകരിച്ചതായി പ്രധാനമന്ത്രി കിയ സ്റ്റാമർ അറിയിച്ചു. എക്സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മേഖലയിലുടനീളം ഇറാൻ മിസൈലുകൾ തൊടുക്കുന്നത് തടയുക എന്ന പരിമിതമായ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മിസൈലുകൾ വിക്ഷേപിക്കുന്നതിനു മുമ്പ് അവയുടെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുക എന്നതാണ് ഭീഷണി ഒഴിവാക്കാനുള്ള ഏക മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ട യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ബ്രിട്ടൻ പങ്കെടുത്തിട്ടില്ലെന്ന് കിയ സ്റ്റാമർ വ്യക്തമാക്കി. വരാനിരിക്കുന്ന ആക്രമണങ്ങളിൽ ബ്രിട്ടൻ നേരിട്ട് പങ്കുചേരില്ലെന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ പ്രത്യാക്രമണങ്ങൾ ബ്രിട്ടിഷ് പൗരന്മാർ താമസിക്കുന്ന ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും പതിച്ചത് പൗരന്മാരുടെ സുരക്ഷയെ വലിയ അപകടത്തിലാക്കിയിട്ടുണ്ട്.

നിലവിൽ ബ്രിട്ടിഷ് യുദ്ധവിമാനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. രാജ്യാന്തര നിയമങ്ങൾക്കനുസൃതമായും സഖ്യകക്ഷികളുടെ കൂട്ടായ പ്രതിരോധത്തിനായും എടുത്ത തീരുമാനമാണിതെന്ന് സ്റ്റാമർ വ്യക്തമാക്കി.

Similar Posts