< Back
Football
ലോകകപ്പില്‍ ടീമുകള്‍ ജഴ്‍സി മാറ്റുന്നതിന്റെ കാരണമിതാണ്...brazil away kit
Football

ലോകകപ്പില്‍ ടീമുകള്‍ ജഴ്‍സി മാറ്റുന്നതിന്റെ കാരണമിതാണ്...

Web Desk
|
24 Jun 2018 3:35 PM IST

ലോകകപ്പില്‍ ആരാധകര്‍ എന്നും ആഗ്രഹിക്കുന്നത് കാലങ്ങളായി കണ്ടുശീലിച്ച ഔദ്യോഗിക ജഴ്‍സിയില്‍ പ്രിയ ടീമുകള്‍ കളത്തിലിറങ്ങുന്നത് കാണാനാണ്. അര്‍ജന്റീനയാണെങ്കില്‍ വെള്ളയും നീലയും, ബ്രസീലാണെങ്കില്‍ 

ലോകകപ്പില്‍ ആരാധകര്‍ എന്നും ആഗ്രഹിക്കുന്നത് കാലങ്ങളായി കണ്ടുശീലിച്ച ഔദ്യോഗിക ജഴ്‍സിയില്‍ പ്രിയ ടീമുകള്‍ കളത്തിലിറങ്ങുന്നത് കാണാനാണ്. അര്‍ജന്റീനയാണെങ്കില്‍ വെള്ളയും നീലയും, ബ്രസീലാണെങ്കില്‍ മഞ്ഞയും നീലയും പോര്‍ച്ചുഗല്‍ ചുവപ്പ്... എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ ആരാധകര്‍ സ്വപ്നം കണ്ടതു പോലെയൊരു ജഴ്‍സി ആയിരുന്നില്ല ഇഷ്ട ടീമുകള്‍ ധരിച്ചത്. ഔദ്യോഗിക ജഴ്‍സിക്ക് പകരം രണ്ടാം നിറത്തില്‍ ഇവരൊക്കെ കളത്തില്‍ ഇറങ്ങി. ഇതിന്റെ കാരണം ഫിഫ വിശദീകരിക്കുന്നത് ഇങ്ങനെ:

സാധാരണ മൈതാനത്ത് ഏറ്റുമുട്ടുന്ന ടീമുകളുടെ ജഴ്‍സികള്‍ തമ്മില്‍ സാമ്യമുണ്ടെങ്കിലാണ് നിറം മാറി കളിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ലോകകപ്പിന്റെ തുടക്കം മുതല്‍ രണ്ടാം ജഴ്‍സിയില്‍ ടീമുകള്‍ ഇറങ്ങിത്തുടങ്ങി. ഗ്രൂപ്പ് റൌണ്ടില്‍ മൂന്നു മത്സരങ്ങള്‍ക്കിടെ ടീമുകളെല്ലാം ഒരു കളിക്കെങ്കിലും പ്രധാന ജഴ്‍സി ധരിച്ച് കളത്തിലിറങ്ങണമെന്നാണ് ഫിഫയുടെ ചട്ടം. ഇതനുസരിച്ചാണ് ടീമുകള്‍ ഓരോ മത്സരത്തിലും തങ്ങളുടെ ജഴ്‍സി തീരുമാനിക്കുന്നത്. മുഴുവന്‍ ടീമുകള്‍ക്കും ഓരോ കളിക്കും ധരിക്കേണ്ട ജഴ്‍സികള്‍ ഏതൊക്കെയാണെന്ന് ഏപ്രിലില്‍ തന്നെ തീരുമാനമായിരുന്നു. ഇത് ടീമുകളെ ഫിഫ അറിയിക്കുകയും ചെയ്തിരുന്നു. പ്രധാന ടൂര്‍ണമെന്റുകളില്‍ മത്സരങ്ങള്‍ ക്രമീകരിക്കുമ്പോള്‍ തന്നെ ടീമുകളെ തരംതിരിക്കും. ഇതില്‍ എ ടീം ഹോം ജഴ്‍സിയും ബി ടീം രണ്ടാം ജഴ്‍സിയും അണിയണമെന്നാണ് നിബന്ധന.

ഇതേസമയം, ലോകകപ്പില്‍ മുഴുവന്‍ ടീമുകളും ഔദ്യോഗിക ജഴ്‍സിയും രണ്ടാം ജഴ്‍സിയും ഉപയോഗിക്കണമെന്നാണ് ചട്ടം. ടീമുകളെ തിരിച്ചറിയാന്‍ കഴിയും വിധത്തിലുള്ള നിറങ്ങള്‍ നിര്‍ണയിച്ചാണ് ഏതൊക്കെ ജഴ്‍സിയാണ് വേണ്ടതെന്ന് തീരുമാനിക്കുക. ലോകകപ്പില്‍ ടീമുകളുടെ ജഴ്‍സികള്‍ സ്‍പോണ്‍സര്‍ ചെയ്യുന്നതു വഴി കോടിക്കണക്കിന് ഡോളറിന്റെ കച്ചവടമാണ് നടക്കുന്നത്. ഇത്തവണ പ്രധാന ടീമുകളായ അര്‍ജന്റീന, ജര്‍മനി, സ്‍പെയിന്‍, മെക്സിക്കോ, കൊളംബിയ തുടങ്ങിയ ടീമുകളുടെ കിറ്റ് അഡിഡാസ് സ്‍പോണ്‍സര്‍ ചെയ്യുമ്പോള്‍ ബ്രസീല്‍, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയവര്‍ക്ക് നൈക്കിയാണ് സ്‍പോണ്‍സര്‍മാര്‍.

Similar Posts