< Back
Football
കുഞ്ഞാരാധകനെ സന്തോഷം കൊണ്ട് കരയിച്ച സലാഹ്
Football

കുഞ്ഞാരാധകനെ സന്തോഷം കൊണ്ട് കരയിച്ച സലാഹ്

Web Desk
|
23 Sept 2018 1:51 PM IST

ശേഷം സലാഹ് ജേഴ്‌സിയൂരി ലൂയിസിന് നല്‍കി! സ്വപ്‌നമോ സത്യമോ എന്ന് തിരിച്ചറിയാനാകാതെ നിന്ന ലൂയിസിന്റെ കണ്ണുകള്‍ അപ്പോള്‍ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുകയായിരുന്നു.

ലിവര്‍പൂളിന്റെ കുഞ്ഞു ആരാധകനായ ലൂയിസ് ജീവിതത്തിലെ മറക്കാത്ത നിമിഷമായിരുന്നു അത്. മത്സരശേഷം ഗാലറിക്കടുത്തെത്തിയ ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ആരാധകര്‍ക്ക് നന്ദി പറഞ്ഞു. ശേഷം തന്റെ ജേഴ്‌സിയൂരി ലൂയിസിന് നല്‍കി! സ്വപ്‌നമോ സത്യമോ എന്ന് തിരിച്ചറിയാനാകാതെ നിന്ന ലൂയിസിന്റെ കണ്ണുകള്‍ അപ്പോള്‍ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുകയായിരുന്നു.

സതാംപ്ടണെതിരെ സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന് ശേഷമായിരുന്നു സംഭവം. സതാംപ്ടണെ ഏകപക്ഷീയമായ മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോല്‍പിച്ചിരുന്നു. മത്സരത്തില്‍ മുഹമ്മദ് സലാഹ് ഒരു ഗോളും നേടി. കഴിഞ്ഞ സീസണിലെ ഫോം സലാഹിനില്ലെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയായിരുന്നു ഇത്.

മത്സരശേഷം തന്നെയും ടീമിനേയും പിന്തുണച്ച ആരാധകര്‍ക്ക് നന്ദി പറയാനാണ് സലാഹ് ഗാലറിക്കടുത്തേക്ക് വന്നത്. ജേഴ്‌സി തരുമോ എന്ന് ചോദിക്കുന്ന പ്ലക്കാര്‍ഡുംപിടിച്ചു നിന്ന കുഞ്ഞുലൂയിസിനെ അപ്പോഴാണ് കണ്ടത്. വൈകാതെ താരം മത്സരത്തില്‍ അണിഞ്ഞ ജേഴ്‌സി ഊരി നല്‍കുകയും ചെയ്തു.

ലൂയിസിന്റെ പിതാവ് വെയിന്‍ ഡണ്‍ലപ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പിന്നീട് ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. 'എന്നെയും മകനേയും സന്തോഷം കൊണ്ട് കരയിച്ച സലാഹിനോട് നന്ദി പറയാന്‍ വാക്കുകളില്ല. വിവരിക്കാന്‍ പറ്റാവുന്നതിലും മൂല്യമുള്ള നിമിഷങ്ങളും ജീവിതത്തിലുണ്ടാകും. ഈ ദിവസം എന്റെ മകന്‍ ലൂയിസ് ഒരിക്കലും മറക്കില്ലെന്നുറപ്പ്' വീഡിയോക്കൊപ്പം ഈ സന്ദേശത്തോടെയായിരുന്നു ഡണ്‍ലപിന്റെ ട്വീറ്റ്.

Related Tags :
Similar Posts