< Back
Football
ആകാംക്ഷയുടെ മണിക്കൂറുകള്‍; അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം ഇന്ന്
Football

ആകാംക്ഷയുടെ മണിക്കൂറുകള്‍; അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം ഇന്ന്

Web Desk
|
16 Oct 2018 12:29 AM IST

ചൊവ്വ രാത്രി ഒമ്പതിനാണ് മത്സരം. മുൻ നിര താരങ്ങളുമായാണ് ബ്രസീൽ ടീം കളത്തിലിറങ്ങുന്നത്. എന്നാൽ ക്യാപ്റ്റൻ ലയണല്‍ മെസ്സിയടക്കം സീനിയര്‍ താരങ്ങളൊന്നുമില്ലാതെയാണ് അര്‍ജന്റീന ബൂട്ടണിയുന്നത്

ലോക ഫുട്ബാൾ പ്രേമികള്‍ ആവശേത്തോടെ കാത്തിരിക്കുന്ന ബ്രസീല്‍-അർജന്റീന സൗഹൃദ ഫുട്ബാൾ ടൂർണമെന്റിന് ജിദ്ദ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു. ചൊവ്വ രാത്രി ഒമ്പതിനാണ് മത്സരം. മുൻ നിര താരങ്ങളുമായാണ് ബ്രസീൽ ടീം കളത്തിലിറങ്ങുന്നത്. എന്നാൽ ക്യാപ്റ്റൻ ലയണല്‍ മെസ്സിയടക്കം സീനിയര്‍ താരങ്ങളൊന്നുമില്ലാതെയാണ് അര്‍ജന്റീന ബൂട്ടണിയുന്നത്.

ലാറ്റിന്‍ ഫുട്‌ബോളിലെ രാജാക്കന്മാരായ ബ്രസീല്‍-അര്‍ജന്റീന പോരാട്ടത്തിനാണ് ജിദ്ദ നഗരം സാക്ഷ്യം വഹിക്കുന്നത്. ലോകകപ്പിലെ കോച്ചായിരുന്ന ടിറ്റെയ്ക്കു കീഴില്‍ താരപ്പകിട്ടുമായാണ് ബ്രസീൽ ടീം കളത്തിലിറങ്ങുന്നത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മർ, ഗോൾ കീപ്പർ അലിസണ്‍ ബെക്കര്‍, ഫിലിപ്പെ കുട്ടീഞ്ഞോ, ഗബ്രിയേല്‍ ജീസസ് തുടങ്ങി പ്രമുഖരെല്ലാം ബ്രസീല്‍ നിരയിലുണ്ട്.

പുതിയ കോച്ച് ലയണല്‍ സ്‌കലോനിക്കു കീഴിലാണ് അർജന്റീനയുടെ വരവ്. ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയടക്കം സീനിയര്‍ താരങ്ങളൊന്നുമില്ലെങ്കിലും ദേശീയ ലീഗുകളില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യുവതാരങ്ങളിലാണ് അർജന്റീനയുടെ പ്രതീക്ഷ. ഗോൾ കീപ്പറും ക്യാപ്റ്റനുമായ സെര്‍ജിയോ റൊമേറോ, പൗളോ ഡിബാല, മോറോ ഇക്കാർഡി, ആഞ്ചൽ കൊറിയ തുടങ്ങിയ താരങ്ങൾ അർജന്റീനക്ക് വേണ്ടി ബൂട്ടണിയും.

കഴിഞ്ഞ വര്‍ഷമാണ് ബ്രസീലും അര്‍ജന്റീനയും അവസാനമായി ഏറ്റുമുട്ടിയത്. ഇതില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് മഞ്ഞപ്പടയെ വീഴ്ത്തിയിരുന്നു. അതിനു മുമ്പ് നടന്ന നാലു മല്‍സരങ്ങളില്‍ രണ്ടിലും ബ്രസീല്‍ ജയിച്ചപ്പോള്‍ ശേഷിച്ച രണ്ടു കളികള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

104 മല്‍സരങ്ങളിലാണ് ഇതുവരെ ബ്രസീലും അര്‍ജന്റീനയും തമ്മില്‍ മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ 40 എണ്ണത്തില്‍ ബ്രസീല്‍ ജയിച്ചപ്പോള്‍ അര്‍ജന്റീന 38 എണ്ണത്തിലും വിജയിച്ചു. 26 മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇടവേളയ്ക്കു ശേഷം വീണ്ടും ഇരു ടീമുകളും മുഖാമുഖം ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ വിജയം ആരോടൊപ്പം എന്നതാണ് ലോക ഫുട്ബാൾ ആരാധകർ ഉറ്റുനോക്കുന്നത്.

Similar Posts