
‘വിമര്‍ശിക്കുന്നതിന് പകരം തന്തക്കും തള്ളയ്ക്കും വിളിച്ചിട്ട് കാര്യമില്ല’ സി.കെ വിനീത്
|“വിമര്‍ശിക്കുന്നതിന് പകരം ഞങ്ങളുടെ തന്തക്കും തള്ളക്കും വിളിച്ചിട്ട് കാര്യമില്ല. എല്ലാ കളികളും കളിക്കുന്നത് ജയിക്കാന്‍ വേണ്ടി തന്നെയാണ്”
ഐ.എസ്.എല്ലില്‍ ഏറ്റവും ആരാധക പിന്തുണയുള്ള ടീമുകളില്‍ മുന്നിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പക്ഷേ അഞ്ചാം സീസണില്‍ ഇതുവരെ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. കളിക്കാരെ കയ്യില്‍ കിട്ടുമ്പോള്‍ തങ്ങളുടെ നിരാശ പ്രകടിപ്പിക്കാന്‍ ആരാധകര്‍ മടിക്കാറുമില്ല. അത്തരത്തില്‍ ഒരു ഷോപ്പിന്റെ ഉദ്ഘാടന പരിപാടിക്കായി എത്തിയപ്പോളുണ്ടായ ആരാധക പ്രതികരണങ്ങളുടെ മറുപടിയായാണ് ബ്ലാസ്റ്റേഴ്‌സ് താരം ഇങ്ങനെ പറഞ്ഞത്.
'നിങ്ങള്‍ ഞങ്ങളെ വിമര്‍ശിക്കണം. കളിയെക്കുറിച്ചും പാസിങ്ങിനെക്കുറിച്ചും ഗോളടിക്കുന്നതിനെക്കുറിച്ചുമൊക്കെ പറയണം. എങ്കിലേ ഞങ്ങള്‍ക്ക് നന്നാക്കാനാകൂ. വിമര്‍ശിക്കുന്നതില്‍ സന്തോഷമേയുള്ളൂ. വിമര്‍ശിക്കുന്നതിന് പകരം ഞങ്ങളുടെ തന്തക്കും തള്ളക്കും വിളിച്ചിട്ട് കാര്യമില്ല. എല്ലാ കളികളും കളിക്കുന്നത് ജയിക്കാന്‍ വേണ്ടി തന്നെയാണ്' എന്നായിരുന്നു സി.കെ വിനീതിന്റെ വാക്കുകള്‍.
സി.കെ വിനീതിന്റെ സംസാരം കാണികളുടെ ബഹളത്തെ തുടര്‍ന്ന് ഇടക്കിടെ തടസപ്പെടുന്നുമുണ്ടായിരുന്നു.
ഐ.എസ്.എല്ലില്‍ ഒമ്പത് മത്സരം പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു കളി മാത്രമാണ് ജയിക്കാനായത്. അഞ്ചെണ്ണം സമനിലയായപ്പോള്‍ മൂന്ന് തോല്‍വി വഴങ്ങി. ആകെ എട്ട് പോയിന്റോടെ ടേബിളില്‍ എട്ടാമതാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്.