
സമനില കുരുക്കഴിക്കുക തന്നെ വേണം; ജയിക്കാനുറച്ച് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു
|ആരാധക സ്നേഹം വീണ്ടെടുക്കാൻ എന്ത് വില കൊടുത്തും ജയം സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് നാട്ടുകാർക്ക് മുന്നിൽ ഇറങ്ങുന്നത്
വഴുതി മാറുന്ന ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഹോം ഗ്രൗണ്ടിൽ. വെള്ളിയാഴ്ച വൈകീട്ട് 7.30ന് നടക്കുന്ന മത്സരത്തിൽ എഫ്.സി പുണെ സിറ്റിയാണ് മഞ്ഞപ്പടയുടെ എതിരാളികൾ. ഉദ്ഘാടന മത്സരത്തിലെ ജയത്തിനു ശേഷം സമനിലയും തോൽവിയുമായി ആടിയുലയുന്ന ബ്ലാസ്റ്റേഴ്സിന് സീസണിലിതു വരെ ഹോം ഗ്രൗണ്ടിൽ ജയം കണ്ടെത്താനായിട്ടില്ല. ആരാധക സ്നേഹം വീണ്ടെടുക്കാൻ എന്ത് വില കൊടുത്തും ജയം സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് നാട്ടുകാർക്ക് മുന്നിൽ ഇറങ്ങുന്നത്.

10 മത്സരങ്ങളിൽ നിന്നും ഒരു ജയവും ആറ് സമനിലകളും, മൂന്നു തോൽവികളുമായി ഒമ്പത് പോയന്റ് നേടിയ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ ഒരു ജയം, രണ്ട് സമനില, ഏഴ് സമനിലയുമടക്കം അഞ്ചു പോയന്റുള്ള പുണെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. മറ്റു ടീമുകളുടെ ജയപരാജയങ്ങളും കണക്കിലെ കളികളുമായി പ്ലേഓഫ് സാധ്യതകൾ അവശേഷിക്കുന്ന ബ്ലാസ്റ്റേഴ്സ് പക്ഷേ, ഇനിയുള്ള മത്സരങ്ങൾ ജയിച്ച് ആധികാരികമായി തന്നെ കലാശക്കളിക്ക് യോഗ്യത നേടാനുള്ള ശ്രമത്തിലാണ്. കളി മികവും ഹോം ഗ്രൗണ്ട് ആനുകൂല്യവും കണക്കിലെടുക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് വിജയ സാധ്യത.

പോയന്റ് പട്ടികയിൽ പിന്നിലുള്ള പൂണെയുടെ പ്ലേഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ച നിലയിലാണ്. സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് നാണക്കേട് ഒഴിവാക്കുകയാണ് പൂണെയുടെ ലക്ഷ്യം. മോശം പ്രകടനങ്ങളെ തുടർന്ന് കഴിഞ്ഞ മത്സരം ബഹിഷ്കരിച്ച ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന് വീണ്ടും ഗ്യാലറികൾ നിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധകരുടെ മടങ്ങിവരവ് ആത്മവിശ്വാസം വർധിപ്പിച്ചതോടെ സീസണിലെ ആദ്യ ഘട്ടത്തിലെ അവസാന ഹോം മത്സരം വിജയിക്കാനാമെന്ന ഉറച്ച പ്രതീക്ഷയിലാണ് മഞ്ഞപ്പട.