
ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി
|ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍, ഗോകുലത്തെ തകര്‍ത്തത്
ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരേ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ ഗോകുലത്തെ തകര്‍ത്തത്. സീസണില്‍ ഗോകുലത്തിന്റെ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഏഴു മത്സരങ്ങളില്‍ നിന്ന് ഒമ്പതു പോയിന്റുമായി ഗോകുലം ഏഴാം സ്ഥാനത്തായി. ഈസ്റ്റ് ബംഗാള്‍ നാലാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. ബ്രാന്‍ഡോണാണ് ബംഗാളിനായി സ്‌കോര്‍ ചെയ്തത്. ഉടനെ തന്നെ മലയാളി താരം ജോബി ജസ്റ്റില്‍ ബംഗാളിന്റെ ലീഡ് രണ്ടായി ഉയര്‍ത്തി. ഗോകുലത്തിന്‍റെ പല മുന്നേറ്റങ്ങളും ഈസ്റ്റ് ബംഗാളിന്‍റെ പ്രതിരോധത്തില്‍ അവസാനിക്കുകയായിരുന്നു.
ഇതിനിടെ സാബയെ ബോക്‌സില്‍ വീഴ്ത്തിയതിനു ഉറപ്പായിരുന്ന പെനാല്‍റ്റി റഫറി ഗോകുലത്തിന് നിഷേധിക്കുകയും ചെയ്തു. പിന്നാലെ 57-ാം മിനിറ്റില്‍ ഡാനിയല്‍ എഡോയുടെ ലോങ് പാസ് സ്വീകരിച്ച ക്രിസ്റ്റ്യന്‍ സാബ, ഗോകുലത്തിനായി സ്‌കോര്‍ ചെയ്തു. തുടര്‍ന്ന് സമനില ഗോളിനുവേണ്ടി പൊരുതി കളിച്ചെങ്കിലും 82-ാം മിനിറ്റില്‍ ലാല്‍റാം ചുല്ലോവ ബംഗാളിനായി മൂന്നാം ഗോളും നേടി ജയം ഉറപ്പുവരുത്തുകയായിരുന്നു.