
സന്തോഷ് ട്രോഫി കിരീടം സര്‍വ്വീസസിന്
|11 തവണ സന്തോഷ് ട്രോഫി ഫൈനലിലെത്തിയ സര്‍വീസസിന്റെ ആറാം കിരീട നേട്ടമാണിത്
ആതിഥേയരായ പഞ്ചാബിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് സര്‍വ്വീസസിന് സന്തോഷ് ട്രോഫി കിരീടം. 61ആം മിനിറ്റില്‍ ബികാശ് ഥാപ്പയാണ് സര്‍വീസസിന്റെ വിജയഗോള്‍ നേടിയത്. 11 തവണ സന്തോഷ് ട്രോഫി ഫൈനലിലെത്തിയ സര്‍വീസസിന്റെ ആറാം കിരീട നേട്ടമാണിത്.
സെമിയില്‍ ഗോവയെ തോല്‍പ്പിച്ചാണ് പഞ്ചാബ് ഫൈനലിലെത്തിയത്. കര്‍ണാടകയെ മറികടന്നായിരുന്നു സര്‍വീസസിന്റെ ഫൈനല്‍ പ്രവേശനം. 2015ല്‍ സര്‍വ്വീസസ് അവസാനമായി സന്തോഷ് ട്രോഫി ഫൈനല്‍ കളിച്ചപ്പോഴും പഞ്ചാബായിരുന്നു എതിരാളികള്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാവാതെ വന്നതോടെ ഷൂട്ടൌട്ടിലേക്ക് നീണ്ട മത്സരത്തില്‍ 5-4നായിരുന്നു സര്‍വ്വീസസ് ജയിച്ചത്.
കലാശപ്പോരാട്ടത്തില്‍ ഇരുടീമുകളും പതുക്കെയാണ് തുടങ്ങിയത്. ആതിഥേയരായ പഞ്ചാബാണ് ആദ്യപകുതിയില്‍ ചില ഗോള്‍ ശ്രമങ്ങള്‍ നടത്തിയത്. മത്സരം പുരോഗമിക്കും തോറും സര്‍വ്വീസസ് ടീമെന്ന നിലയില്‍ കൂടുതല്‍ ഒത്തിണക്കത്തിലേക്ക് വന്നു.
ലാലാകിമ നല്‍കിയ പാസില്‍ നിന്നായിരുന്നു ബികാശ് ഥാപ്പയുടെ ഗോള്‍ പിറന്നത്. ഗോള്‍ നേടിയ ശേഷം ജേഴ്‌സി ഊരി ആഹ്ലാദപ്രകടനം നടത്തിയ ഥാപ്പക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു.
ഗോള്‍ വീണതോടെ സമനിലക്കായി പഞ്ചാബ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കുന്നതില്‍ സര്‍വ്വീസസ് വിജയിച്ചു. ഇത്തവണത്തെ സന്തോഷ് ട്രോഫിയില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സര്‍വ്വീസസ് കിരീടം സ്വന്തമാക്കിയത്.