ഭരണകൂട - മാധ്യമ ബാന്ധവത്തിന്റെ സമകാലിക പ്രത്യാഘാതങ്ങള്‍ഭരണകൂട - മാധ്യമ ബാന്ധവത്തിന്റെ സമകാലിക പ്രത്യാഘാതങ്ങള്‍
|മിഥ്യാപ്രചരണത്തിലൂടെ ഇവര്‍ ഉന്നംവെക്കുന്നത് ഒരു സവിശേഷ സംഘബോധ നിര്‍മിതിയാണ്. അതിന്റെ ഇരകളാക്കപ്പെടുന്നത്
സമകാലിക ഇന്ത്യന്‍ സാമൂഹ്യ- രാഷ്ട്രീയ സാചര്യത്തില്‍ തെളിഞ്ഞുകാണുന്ന ചില അസ്വാഭാവിക ശൃംഖലകള്‍ നമ്മെ അസ്വസ്ഥരാക്കുവാന്‍ പര്യാപ്തമായതാണ്. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ പലപ്പോഴും നാം അനുഭവിച്ചറിഞ്ഞ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ ഒരു നിശബ്ദ അടിയന്തരാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു. നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥയില്‍ നടമാടിക്കൊണ്ടിരിക്കുന്ന ഭരണകൂട - മാധ്യമ കൂട്ടുകെട്ടിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന മിഥ്യാധാരണകള്‍ സമൂഹ മനസില്‍ വളരെയേറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ കൂട്ടുകെട്ടിന്റെ താല്‍പര്യങ്ങള്‍ നിര്‍ണയിക്കുന്നതും പരസ്‍പര സഹകരണത്തിന്റെയും ലാഭ കേന്ദ്രീകൃത വിപണനത്തിന്റെയും ചോദനങ്ങള്‍ തന്നെയാണ്. അധികാര മാധ്യമ സഖ്യത്തിന്റെ പരിണിതഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത് അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരുമാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജെഎന്‍യുവിനെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ നമുക്ക് മുമ്പില്‍ തുറന്നു കാട്ടുന്നത്.
'ഒരു പോസ്റ്റ് ഓഫീസ് പോലുമില്ലാത്ത ഒരു രാജ്യം' എന്ന തലക്കെട്ടോടെ കശ്‍മീര്‍ സംസ്‍കാരിക സദസ് സംഘടിപ്പിക്കപ്പെട്ടത് രണ്ടു വ്യക്തിത്വങ്ങളുടെ പേരിലായിരുന്നു. ഒന്ന്, പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‍സല്‍ ഗുരു, രണ്ട് ജെകെഎല്‍എഫ് സ്ഥാപക നേതാവ് മഖ്ബൂല്‍ ഭട്ട്. ഈയൊരു സദസില്‍ പങ്കെടുത്തവര്‍ നടത്തിയ പ്രകടനം, ഇടക്ക് എബിവിപി പ്രവര്‍ത്തകര്‍ തടയുകയും പിന്നീടുണ്ടായ സാഹചര്യത്തില്‍ ഇന്ത്യാ- വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയരുകയും ചെയ്തു എന്നതാണ് പൊതുഭാഷ്യം. കഴിഞ്ഞ രണ്ടു വര്‍ഷമായി കാമ്പസില്‍ നടന്നുവരുന്ന വാര്‍ഷിക അനുസ്‍മരണ സദസ്, ഇപ്പോള്‍ മാത്രം പ്രശ്‍നവല്‍ക്കരിക്കപ്പെടുമ്പോള്‍ ചില ചോദ്യങ്ങള്‍ക്കിവിടെ പ്രസക്തിയുണ്ട് പ്രത്യേകിച്ചും നിലവിലെ എന്‍ഡിഎ സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ മനോഭാവത്തിന്റെ സമീപകാല യാഥാര്‍ഥ്യങ്ങള്‍ നമുക്ക് മുന്നിലുള്ളപ്പോള്‍. Non- NET Fellowship നിര്‍ത്തലാക്കാന്‍ തുനിഞ്ഞപ്പോള്‍ നേരിട്ട Occupy - UGC പ്രക്ഷോഭത്തെയും രോഹിത് വെമുല എന്ന എച്ച്സിയു ഗവേഷക വിദ്യാര്‍ഥിയുടെ കൊലപാതകത്തോടനുബന്ധിച്ച് ഉയര്‍ന്നുവന്ന സമരപരിപാടികളും ഭരണകൂട നിലനില്‍പ്പിനു ഭീഷണിയായി ഇപ്പോഴും അവശേഷിക്കുന്നു. ഇത്തരം സമരങ്ങളെയെല്ലാം അരികുവല്‍ക്കരിക്കുവാന്‍ കിട്ടിയ സന്ദര്‍ഭമായാണ് ജെഎന്‍യു വിഷയം, ഭരണകൂടം കൈകാര്യം ചെയ്യുന്നത്. അതുപോലെ തന്നെ നല്ലനാളുകളുടെ വികസനസ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യുമ്പോള്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ അവര്‍ ഒരു അവസരം കാത്തിരിക്കുകയായിരുന്നു.
ഇത്തരമൊരു ആപത്ഘട്ടത്തില്‍ ദേശീയതയെക്കുറിച്ചുള്ള ഭാവാത്മക ചര്‍ച്ചകള്‍ക്ക് ഭരണകൂടം വളരെ താല്‍പര്യപൂര്‍വം മുന്നോട്ടുവന്നു. ഒരു പാര്‍ലമെന്റ് സെഷനെ പോലും പിടിച്ചുകുലുക്കാന്‍ ശക്തിയുള്ള കുറച്ചു 'മുദ്രാവാക്യങ്ങള്‍' നിര്‍മിച്ചെടുക്കാന്‍ വളരെ വലിയ അളവില്‍ സഹായിച്ചത് മുഖ്യധാര മാധ്യമ മാഫിയ തന്നെയാണ്. അന്വേഷണ ഉദ്യോഗസ്ഥരെക്കാളും കൂറു പുലര്‍ത്തുന്ന മാധ്യമങ്ങള്‍ വളരെ വേഗം നിര്‍മിച്ചെടുത്ത 'തെളിവുകള്‍' ഒരു കാമ്പസില്‍ ഒതുങ്ങേണ്ടിയിരുന്ന അപ്രസക്ത പരിപാടിയെ ആഗോളശ്രദ്ധയില്‍ തന്നെ കൊണ്ടുവരാന്‍ പര്യാപ്തമായിരുന്നു. കെട്ടിച്ചമച്ച വീഡിയോ ടേപ്പുകളുടെ കുത്തക ഏറ്റെടുത്ത സീ ന്യൂസ്, ചാനല്‍ ചര്‍ച്ചകളിലെ കുരയ്ക്കുന്ന ശബ്ദമായ അര്‍ണബ് ഗോസ്വാമിമാര്‍, അത്തരം വാചാടോപങ്ങളെ മുഖവിലക്കെടുത്ത് മിഥ്യാനിര്‍മിതിയില്‍ പങ്കുവെച്ച എണ്ണമറ്റ പത്ര ദൃശ്യമാധ്യമങ്ങള്‍, നവ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന Trend നിര്‍മാതാക്കള്‍ എല്ലാവരും ഈ 'പ്രൊപ്പഗാണ്ട' ശൃംഖലയില്‍ ഉന്നത പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

മാധ്യമ വിചാരണ രൂപകല്‍പ്പന ചെയ്ത തിരക്കഥയനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥവൃന്ദങ്ങളും ഭരണകര്‍ത്താക്കളും കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടി നെട്ടോട്ടമോടി. ഇവരെല്ലാം കൂടി നിര്‍മിച്ച് നിലനിര്‍ത്തി പോരുന്ന സംഘബോധത്തെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി സംഘാടകരിലൊരാളായ ഉമര്‍ ഖാലിദ് എന്ന മുന്‍ ഡിഎസ്‍യു നേതാവിനെ സവിശേഷമായി വിചാരണ ചെയ്തു. കാരണം അവന്‍ തന്റെ ദേശസ്‍നേഹം പൊതുബോധത്തിനു മുമ്പില്‍ സ്വയം ബോധ്യപ്പെടുത്തുന്നതു വരെ ദേശദ്രോഹിയാണ് എന്നതാണ് ഈ സംഘബോധത്തിന്റെ വികലയുക്തി. അതിനു വേണ്ടിയുള്ള തെളിവുകള്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തന്നെ, ഹാഫിസ് സഈദിന്റെ വ്യാജ ട്വിറ്റര്‍ പ്രസ്താവനയെ ഉദ്ദരിച്ച് - ഉമറിന്റെ പാക് ബന്ധങ്ങളെക്കുറിച്ച് - നിരത്തി. പിന്നീട് കടന്നുവന്ന ഡല്‍ഹി പൊലീസ് കമ്മീഷണറും മാധ്യമങ്ങളും ഉമറിന്റെ പാക് സന്ദര്‍ശനം - പാസ്പോര്‍ട്ട് ഇല്ലാതെ തന്നെ - റിപ്പോര്‍ട്ട് ചെയ്തു. ഉമറിന്റെ തന്ത്രപ്രധാനമായ 800 ഫോണ്‍കോളുകള്‍, രാജ്യത്തെ വിവിധ സര്‍വകലാശാലകകളിലുള്ള സ്വാധീനം, ജെഎന്‍യു പരിപാടിയുടെ ദീര്‍ഘകാല ആസൂത്രണം എന്നിവയെ കുറിച്ച് വിശദമായി വിശകലനം ചെയ്തു. എംപി യോഗി അദിത്യനാഥിന്റെ ആരോപണങ്ങള്‍ പ്രധാനമായും കാമ്പസില്‍ മഹിഷാസുരപൂജ നടത്തിയെന്നും ബീഫ് കഴിക്കുന്നവെന്നും ആയതിനാല്‍ ജെഎന്‍യു അടച്ചു പൂട്ടണമെന്നും ആയിരുന്നു. ഇതേ കാരണങ്ങള്‍ ഡല്‍ഹി പൊലീസിന്റെ 'ദേശദ്രോഹ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക റിപ്പോര്‍ട്ടി'ലുമുണ്ട്. പിന്നീട് നാം കണ്ടത് രാജസ്ഥാന്‍ ബിജെപി എംഎല്‍എ ജ്ഞാന്‍ദേവ് അഹൂജയുടെ സ്ഥിരവിവര പട്ടിക നിരത്തിയുള്ള വാദപ്രതിവാദങ്ങളും ജെഎന്‍യു ഇന്ത്യന്‍ സംസ്‍കാരത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചുള്ള കണ്ടെത്തലുകളുമായിരുന്നു.
ഇവ ദേശീയ തലത്തിലുള്ള ഭരണകൂട മാധ്യമ കൂട്ടുകെട്ടിന്റെ വര്‍ത്തമാനങ്ങളാണെങ്കില്‍ ഇതേ വികലയുക്തിക്ക് പ്രവര്‍ത്തിക്കുവാന്‍ കേരളത്തിലും സാധ്യമാണ് എന്ന് തെളിയിച്ച് ചില പത്ര മാധ്യമങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. അവര്‍ ഈയൊരു വിഷയത്തിന്റെ ആഗോളപ്രസക്തിയെ ചൂണ്ടിക്കാട്ടി ഐഎസ്ഐഎസുമായുള്ള ഉമര്‍ ഖാലിദിന്റെ ബന്ധവും ജെഎന്‍യുവിലെ മാവോയിസ്റ്റ് - ഇസ്‌ലാമിസ്റ്റ് സഖ്യവും അതിന്റെ പ്രവര്‍ത്തന സാധ്യതയും ഭാവനാത്മക കഥാകഥനത്തിലൂടെ മലയാളികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. ജെഎന്‍യുവിലെ ലൈംഗിക - അരാജകത്വത്തിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ നിരത്തി സംഘബോധത്തെ തൃപ്തിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ, മറ്റൊരു പത്രം ഈ വിഷത്തിന്റെ കേരള സാഹചര്യത്തിലുള്ള ഗൌരവം 'ചുവപ്പ് ജിഹാദ് ' എന്ന പദപ്രയോഗത്തിലൂടെ തുറന്നുകാട്ടി. അവരിപ്പോഴും പുതിയ തിരക്കഥകള്‍ മെനഞ്ഞ് ജനസാമാന്യത്തെ വിഡ്ഢിവേഷം കെട്ടിക്കുന്നു.
ഇവിടെ നമ്മുടെ സവിശേഷശ്രദ്ധ പതിയേണ്ടത്, ഈ ഭരണകൂട - മാധ്യമ ബാന്ധവത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങളിലാണ്. മിഥ്യാപ്രചരണത്തിലൂടെ ഇവര്‍ ഉന്നംവെക്കുന്നത് ഒരു സവിശേഷ സംഘബോധ നിര്‍മിതിയാണ്. അതിന്റെ ഇരകളാക്കപ്പെടുന്നത് ഈ രാജ്യത്തെ മുസ്‍ലിം, ദലിത്, ആദിവാസി, മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവരടങ്ങുന്ന വലിയൊരു ജനവിഭാഗവും. അവരുടെ അടിച്ചവര്‍ത്തപ്പെട്ട ശബ്ദങ്ങളെ സംവേദനം ചെയ്യാന്‍ തയാറായത് വളരെക്കുറിച്ച് മാധ്യമങ്ങള്‍ മാത്രമാണ്. അവര്‍ക്ക് വേണ്ടി സംസാരിക്കുവാന്‍ ധൈര്യം കാണിക്കുന്ന കാമ്പസുകളെ പോലും അപകീര്‍ത്തിപ്പെടുത്താന്‍ തുനിയുന്ന മാധ്യമ മാഫിയക്കെതിരെ കാലം ആവശ്യപ്പെടുന്നത് സംഘബോധത്തിന് ബദലായി ഇവരുടെ പൊതുബോധത്തെ ബലപ്പെടുത്താന്‍ തയാറുള്ള സൂഷ്മതയുടെ സമൂഹ മനസാക്ഷിയെയാണ്.
ജെഎന്‍യുവിലെ വിദ്യാര്‍ഥിയാണ് ലേഖകന്‍