
തുര്‍ക്കിക്കെതിരെ സൗദിയില്‍ ബഹിഷ്കരണ കാമ്പയിന്‍ തുടങ്ങി
|സൗദിയെ മോശമാക്കാന്‍ തുര്‍ക്കി ശ്രമിക്കുന്നതായി ആരോപിച്ചാണ് കാമ്പയിന്‍
തുര്‍ക്കിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സൗദി അറേബ്യയില്‍ കാമ്പെയിന്‍. സൗദിക്കെതിരായ തല്‍പര കക്ഷികളുടെ നീക്കത്തിന് തുര്‍ക്കി പിന്തുണ നല്‍കുന്നുവെന്നാരോപിച്ചാണ് കാമ്പെയിന്‍. ഖശോഗി കൊലപാതകത്തില്‍ സൗദിക്ക് പങ്കുണ്ടെന്ന് തുര്‍ക്കി പ്രസിഡണ്ട് പറഞ്ഞിരുന്നു.
തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പിടിയിലായത് സൗദി ഉദ്യേഗസ്ഥരായിരുന്നു. ഇത് സംബന്ധിച്ച യു.എന്‍ റിപ്പോര്‍ട്ടിന് പിന്നാലെ സൗദി കൊലപാതകത്തിന് വില കൊടുക്കേണ്ടി വരുമെന്ന് തുര്‍ക്കി പ്രസിഡണ്ട് പറഞ്ഞു. ഇതിന് പിന്നാലെയാണ് നേരത്തെ ആരംഭിച്ച തുര്‍ക്കി വിരുദ്ധ കാമ്പയിന്‍ ശക്തിയാര്‍ജിക്കുന്നത്.
റിയാദ് ചേംബര്‍ പ്രസിഡണ്ട് അജ്‍ലാന്‍ അല്‍ അജ്‌ലാനും തുര്‍ക്കി ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി രംഗത്തെത്തി. പ്രമുഖ സൗദി മാധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയതും. ഖശോഗി വിഷയം ശക്തമായ ഒക്ടോബറിലും ബഹിഷ്കരണ കാമ്പെയിന്‍ നടന്നിരുന്നു. തുര്‍ക്കിയിലേക്കുള്ള വിനോദ യാത്രയടക്കം ഉപേക്ഷിക്കാനായിരുന്നു അന്ന് കാമ്പെയിന്‍.