< Back
Gulf
പൊതുമേഖലയില്‍ സ്വദേശിവല്‍ക്കരണം: കുവൈത്ത് നടപടി ത്വരിതപ്പെടുത്തുന്നുപൊതുമേഖലയില്‍ സ്വദേശിവല്‍ക്കരണം: കുവൈത്ത് നടപടി ത്വരിതപ്പെടുത്തുന്നു
Gulf

പൊതുമേഖലയില്‍ സ്വദേശിവല്‍ക്കരണം: കുവൈത്ത് നടപടി ത്വരിതപ്പെടുത്തുന്നു

admin
|
15 Jan 2017 2:28 PM IST

സര്‍ക്കാര്‍ ജോലികളില്‍ വിദേശികളെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും സര്‍കുലര്‍ അയക്കാന്‍ സിവില്‍ സര്‍വിസ് കമ്മീഷന്‍ തീരുമാനിച്ചു.

പൊതുമേഖലയില്‍ സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്താന്‍ ഒരുങ്ങി കുവൈത്ത്. സര്‍ക്കാര്‍ ജോലികളില്‍ വിദേശികളെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും സര്‍കുലര്‍ അയക്കാന്‍ സിവില്‍ സര്‍വിസ് കമ്മീഷന്‍ തീരുമാനിച്ചു. വിദേശികളെ നിയമിക്കുന്നത് പൂര്‍ണമായി നിര്‍ത്തി അനിവാര്യഘട്ടത്തില്‍ ഔട്ട്സോഴ്സിങ് സംവിധാനം ഉപയോഗപ്പെടുത്താനാണ് കമ്മീഷന്‍ നിര്‍ദേശിക്കുന്നത്.

രാജ്യത്തെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ വിദേശി നിയമനം അവസാനിപ്പിക്കാന്‍ ശിപാര്‍ശ ചെയ്യുന്നത്. ജനസംഖ്യാ സന്തുലനത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട മിനിസ്റ്റീരിയല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നീക്കം. പൊതുമേഖലയില്‍ പരമാവധി വിദേശികളെ കുറച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം തുറക്കുക എന്നത്തിനായിരുന്നു കമ്മിറ്റിയുടെ പഠന റിപ്പോർട്ട് ഊന്നല്‍ നല്കിയത്. ഏതെങ്കിലും തസ്തികകളില്‍ സ്വദേശി ഉദ്യോഗാര്‍ഥിയെ ലഭ്യമാകാത്ത സാഹചര്യത്തില്‍ വിദേശികളെ നേരിട്ട് നിയമിക്കാതെ ഔട്ട്‌ സോഴ്സിംഗ് ചെയ്യാമെന്നും സമിതി നിര്‍ദേശിച്ചിരുന്നു.

ഔട്ട്‌ സോഴ്സിംഗ് ആകുമ്പോള്‍ സ്ഥിരം നിയമനത്തിലെ പോലെ ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരില്ലെന്നും സര്‍ക്കാറിന് സാമ്പത്തിക ബാധ്യതയുണ്ടാവില്ലെന്നുമാണ് സിവില്‍ സര്‍വിസ് കമ്മീഷന്റെ കണക്കുകൂട്ടല്‍. വിദേശികളുടെ സഹായം അനിവാര്യമാണെന്ന് കാണിച്ച് മന്ത്രിയില്‍നിന്ന് കത്ത് വാങ്ങിയാല്‍ മാത്രമേ ഇങ്ങനെ ഔട്ട്സോഴ്സ് ചെയ്യാന്‍ അനുവദിക്കാവൂ എന്ന് കമ്മീഷന്‍ നിര്‍ദേശത്തിലുണ്ട്. പുതിയ സര്‍ക്കുലര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ എത്തുന്നതോടെ ഈ വിഷയത്തില്‍ നേരത്തേ ഇറക്കിയ സര്‍ക്കുലറുകളെല്ലാം അപ്രസക്തമാവുമെന്നും സിവില്‍ സര്‍വിസ് കമ്മീഷനുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

Related Tags :
Similar Posts