കുവൈത്തില്‍ പെട്രോളിയം മേഖലയില്‍ പണിമുടക്ക് തുടരുന്നു
|കുവൈത്തില്‍ പെട്രോളിയം മേഖലയില്‍ പണിമുടക്ക് തുടരുന്നു. സമരക്കാരെ നിയമപരമായി നേരിടുമെന്നു തൊഴില്‍ മന്ത്രി.
കുവൈത്തില്‍ പെട്രോളിയം മേഖലയില്‍ പണിമുടക്ക് തുടരുന്നു. സമരക്കാരെ നിയമപരമായി നേരിടുമെന്നു തൊഴില്‍ മന്ത്രി. സമരത്തെ തുടര്‍ന്ന് പ്രതിദിന ക്രൂഡ് ഓയില്‍ ഉല്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്.
കുവൈത്ത് പെട്രോളിയം കോര്‍പറേഷനിലും ഉപകമ്പനികളിലും ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരാണ് സമര രംഗത്തുള്ളത് . വിവിധ തൊഴിലാളി യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന സമരം രണ്ട് ദിവസം പിന്നിട്ടതോടെ രാജ്യത്തെ റിഫൈനറികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങിയതായാണ് സൂചന. സമരത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ 10 ലക്ഷം ബാരലിലും താഴെ മാത്രമായിരുന്നു ഉല്പാദനം. പണിമുടക്ക് ആരംഭിക്കും മുമ്പ് പ്രതിദിനം 30 ലക്ഷം ബാരല്‍ ഉല്പാദിപ്പിച്ചിരുന്ന സ്ഥാനത്താണ് ഇത് എന്നാല്‍ ക്രൂഡ് ഓയിലിന്റെയും പെട്രോ കെമിക്കല്‍ ഉല്പന്നങ്ങളുടെയും കയറ്റുമതി ഇതുവരെ തടസ്സപ്പെട്ടിട്ടില്ല. പെട്രോള്‍ പമ്പുകളും സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഹ്മദിയിലെ ആസ്ഥാന കെട്ടിടങ്ങള്‍ക്ക് മുമ്പിലാണ് തൊഴിലാളികള്‍ ഒരുമിച്ച്കൂടി പ്രതിഷേധിക്കുന്നത്.
പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ കമ്പനി വാഹനങ്ങള്‍ തിരിച്ചേല്‍പ്പിക്കണമെന്ന് കുവൈത്ത് പെട്രോളിയം കമ്പനി ഉത്തരവിട്ടെങ്കിലും തൊഴിലാളി യൂണിയനുകള്‍ വാഹനങ്ങള്‍ തിരിച്ചു തയ്യാറായില്ല. സമരത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പെട്രോളിയം മേഖലയിലെ ജോലിക്കാരെ പണിമുടക്കിലേക്ക് തള്ളിവിടുകയും അതുവഴി രാജ്യത്തിന്റെ പൊതുമുതലില്‍ നഷ്ടംവരുത്താനും കാരണക്കാരായ യൂണിയന്‍ നേതാക്കളെ പ്രോസിക്യൂഷനു കൈമാറുമെന്ന് സാമൂഹിക, തൊഴില്‍കാര്യമന്ത്രി ഹിന്ദ് അല്‍ സബീര്‍ പറഞ്ഞു.