< Back
Gulf
ദമാമിലെയും ജുബൈലിലെയും ഇന്ത്യന്‍ സ്കൂളുകളില്‍ അഡ്മിഷന്‍ നിര്‍ത്തിവെക്കണമെന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയംദമാമിലെയും ജുബൈലിലെയും ഇന്ത്യന്‍ സ്കൂളുകളില്‍ അഡ്മിഷന്‍ നിര്‍ത്തിവെക്കണമെന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം
Gulf

ദമാമിലെയും ജുബൈലിലെയും ഇന്ത്യന്‍ സ്കൂളുകളില്‍ അഡ്മിഷന്‍ നിര്‍ത്തിവെക്കണമെന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം

admin
|
15 April 2017 7:29 PM IST

ദമാമിലെയും ജുബൈലിലെയും ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളുകളില്‍ പുതിയ അഡ്മിഷന്‍ നടത്താന്‍ പാടില്ലെന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി

ദമാമിലെയും ജുബൈലിലെയും ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളുകളില്‍ പുതിയ അഡ്മിഷന്‍ നടത്താന്‍ പാടില്ലെന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി. സ്ഥല പരിമിതി മൂലം സ്കൂളികളില്‍ വിദ്യാര്‍ഥി പ്രവേശം നിര്‍ത്തിവെക്കണമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഉത്തരവ് ഇന്ത്യന്‍ സമൂഹത്തിനു കനത്ത തിരിച്ചടിയാകും. അതേ സമയം സ്കൂള്‍ ഭരണ സമിതികളുടെ അലംഭാവമാണ് നടപടിക്ക് കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.

8600 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമുള്ള ദമാം സ്കൂളില്‍ നിലവില്‍ 19000ത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ജുബൈലില്‍ 7400 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമുള്ള കെട്ടിടത്തില്‍ 85000 കുട്ടികളുമാണ് പഠിക്കുന്നത്. 2 നഗരങ്ങളിലും കുറഞ്ഞ ഫീസിന് പഠിപ്പിക്കുന്ന മറ്റു ഇന്ത്യന്‍ വിദ്യാലയങ്ങള്‍ ഇല്ലാത്തത് കാരണം എംബസി സ്കൂളുകളാണ് ഏക ആശ്രയം. അതു കൊണ്ടു തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ തീരുമാനം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഏറെ പ്രയാസത്തിലാക്കും. നിലവില്‍ 300ലധികം കുട്ടികളാണ് പ്രവേശനം കാത്ത് നില്‍കുന്നത്. ജുബൈലില്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സ്പോര്‍ട്സിനു ഇന്‍ഡേര്‍ സൗകര്യമുള്ള കെട്ടിടവും പുതിയ ഒഫീസിനായി പുതിയ ബഹുനില മന്ദിരവും നിര്‍മ്മിച്ചുവെങ്കിലും ക്ലാസ് മുറികള്‍ വര്‍ധിപ്പിക്കുന്നതിനു നടപടിയെടുത്തില്ല. ദമാമിലും പുതിയ കെട്ടിടത്തിനുള്ള ഒരു ആലോചനയും കഴിഞ്ഞ ഭരണ സമിതിയോ നിലവിലെ ഭരണ സമിതിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ദമാമില്‍ 10000ത്തോളം വിദ്യാര്‍ഥികള്‍ കൂടുതലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഏതാനും വര്‍ഷങ്ങളായി മന്ത്രാലയം ഇത് ശ്രദ്ധയില്‍ പെടുത്തിയെങ്കിലും, മാറി മാറി വന്ന ഭരണ സമിതി ഇത് ഗൌരവത്തോടെ കണ്ടില്ല എന്ന് രക്ഷിതാക്കള്‍ പറയുന്നു. എങ്ങനെയെങ്കിലും ക്ലാസുകള്‍ നടന്നു പോകുമെന്ന കണക്കുകൂട്ടലിനാണു വിദ്യാഭ്യാസ മന്ത്രാലയം ഇപ്പോള്‍ തടയിട്ടിരിക്കുന്നത്. നിയമം അനുസരിച്ച് കെ.ജി ക്ളാസ്സില്‍ 20 ഉം മറ്റുക്ളാസ്സുകളില്‍ 25 വീതം കുട്ടികളെയാണു ഇരുത്തേണ്ടത്. ഒരു കുട്ടിക്ക് ഒരു സ്ക്വയര്‍മീറ്റര്‍ ചുറ്റളവും വേണം. ഇത് പാലിക്കപെടാനാവാതെ വന്നതോടെയാണു സര്‍ക്കാര്‍ ഇടപെട്ടത്. ദമാമില്‍ എംബസിക്ക് കീഴില്‍ പുതിയ സ്കൂള്‍ ആരംഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രധാനമന്ത്രിയുടെ സൌദി സന്ദര്‍ശന വേളയില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ ഉന്നയിച്ച പ്രധാന വിഷയങ്ങളിലൊന്നും ഇതായിരുന്നു.

Similar Posts