< Back
Gulf
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിനായി കമ്പനി ഉടന്‍കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിനായി കമ്പനി ഉടന്‍
Gulf

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിനായി കമ്പനി ഉടന്‍

Sithara
|
24 Sept 2017 11:35 AM IST

കമ്പനിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബോര്‍ഡ് രൂപീകൃതമായതായും പ്രഖ്യാപനം ഉടനുണ്ടാവുമെന്നും തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മതാര്‍ അല്‍ മുതൈരി പറഞ്ഞു.

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിനായുള്ള കമ്പനി രൂപീകരണം അന്തിമ ഘട്ടത്തിൽ. കമ്പനിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബോര്‍ഡ് രൂപീകൃതമായതായും പ്രഖ്യാപനം ഉടനുണ്ടാവുമെന്നും തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മതാര്‍ അല്‍ മുതൈരി പറഞ്ഞു.

ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി, കോഓപറേറ്റിവ് സൊസൈറ്റി യൂനിയന്‍ തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത സംരംഭമായാണ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ടിങ് കമ്പനി പ്രവർത്തിക്കുക. കമ്പനിയില്‍ മുതല്‍ മുടക്കുന്നതിന് കോഓപറേറ്റിവ് സൊസൈറ്റികള്‍ക്ക് 1.8 മില്യൺ ദീനാര്‍ വായ്പ നല്‍കിയതായും മതാര്‍ അല്‍ മുതൈരി വെളിപ്പെടുത്തി. കോഓപറേറ്റിവ് സൊസൈറ്റികള്‍ക്ക് 60 ശതമാനം, പബ്ളിക് അതോറിറ്റി ഫോര്‍ ഇന്‍വെസ്റ്റ്മെന്‍റ്, കുവൈത്ത് എയര്‍വേയ്സ്, അമീരി ദിവാന്‍, സാമൂഹിക സൂരക്ഷക്കുള്ള പബ്ളിക് അതോറിറ്റി എന്നിവക്ക് 10 ശതമാനം വീതം എന്നിങ്ങനെയായിരിക്കും നിര്‍ദ്ദിഷ്ട കമ്പനിയില്‍ നിക്ഷേപ പങ്കാളിത്തം.

കമ്പനി യാഥാർഥ്യമാകുന്നതിനു മുന്നോടിയായി സാധ്യതാ പഠനം നടത്തിയ അല്‍ ഷാല്‍ ഇക്കണോമിക് കണ്‍സല്‍ട്ടേഷന്‍ എന്ന കമ്പനി പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കമ്പനി പ്രഖ്യാപനത്തോട് അടുത്തുവെന്നാണ് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍ അമിതമായി പണം ഈടാക്കുന്നതായി പരാതി വ്യാപകമായതിനെ തുടർന്നാണ് കമ്പനി രൂപവത്കരണത്തിന് സർക്കാർ മുന്നിട്ടിറങ്ങിയത്.

Related Tags :
Similar Posts