< Back
Gulf
സിറിയന്‍ പ്രശ്നം: ഉച്ചകോടിയുടെ അജണ്ട നിശ്ചയിക്കാന്‍ റിയാദില്‍ യോഗംസിറിയന്‍ പ്രശ്നം: ഉച്ചകോടിയുടെ അജണ്ട നിശ്ചയിക്കാന്‍ റിയാദില്‍ യോഗം
Gulf

സിറിയന്‍ പ്രശ്നം: ഉച്ചകോടിയുടെ അജണ്ട നിശ്ചയിക്കാന്‍ റിയാദില്‍ യോഗം

Sithara
|
15 Oct 2017 8:02 AM IST

സിറിയന്‍ പ്രശ്നപരിഹാരത്തിനായി ജനീവയില്‍ നടക്കുന്ന നാലാം സമാധാന ഉച്ചകോടിക്കുള്ള അജണ്ട നിശ്ചയിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ അടിയന്തര യോഗം ചേരും

സിറിയന്‍ പ്രശ്നപരിഹാരത്തിനായി ജനീവയില്‍ നടക്കുന്ന നാലാം സമാധാന ഉച്ചകോടിക്കുള്ള അജണ്ട നിശ്ചയിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ അടിയന്തര യോഗം റിയാദില്‍ ചേരും. അതേസമയം കുര്‍ദുകളെ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. റഷ്യ സമര്‍പ്പിച്ച ഭരണഘടന സ്വീകാര്യമല്ലെന്ന് വിപ്ലവകാരികളും വ്യക്തമാക്കി.

സിറിയന്‍ പ്രതിപക്ഷത്തിന്റെ അടിയന്തര യോഗം ഞായറാഴ്ച രാത്രി റിയാദില്‍ ചേരുമെന്നാണ് അല്‍ അറബിയ്യ അടക്കമുള്ള അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ജനീവയില്‍ നടക്കുന്ന സിറിയന്‍ പ്രശ്നപരിഹാരത്തിനുള്ള നാലാമത് ഉച്ചകോടിയിലേക്ക് പ്രതിപക്ഷം സമര്‍പ്പിക്കുന്ന അജണ്ടക്ക് രൂപം കാണാനാണ് പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ റിയാദില്‍ ഒത്തുചേരുന്നത്. എന്നാല്‍ കുര്‍ദുകള്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ വ്യാഴാഴ്ചയാണ് യോഗമെന്ന് ചില സൌദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ പോരാളി വിഭാഗങ്ങളെയും അണിനിരത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. എന്നാല്‍ ഭരണകക്ഷികളുടെ ഏജന്‍റുമാരായി പ്രതിപക്ഷം ചമയുന്ന ചിലരെ ഇതില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. വിഘടന ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കുര്‍ദുകളെയും റിയാദ് യോഗത്തില്‍ പങ്കെടുപ്പിക്കുന്നില്ല. പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ കാര്യമായ വിയോജിപ്പില്ലന്നും റഷ്യയും ഇറാനും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിലനിന്നാല്‍ മാത്രമെ പ്രതിപക്ഷം ജനീവ ഉച്ചകോടിയില്‍ പങ്കെടുക്കുകയുള്ളൂവെന്നും വിവിധ നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം കസാകിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ ചേര്‍ന്ന സമാധാന ചര്‍ച്ചക്ക് ശേഷം റഷ്യ സമര്‍പ്പിച്ച ഭരണഘടനാ കരട് സ്വീകാര്യമല്ലെന്ന് സിറിയന്‍ വിപ്ളവ വിഭാഗം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ജനീവ ഉച്ചകോടി ബഹിഷ്കരിക്കുമെന്നും സിറിയന്‍ പോരാളികള്‍ ആവര്‍ത്തിച്ചു.

Related Tags :
Similar Posts