അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി സൌദി സന്ദര്‍ശിച്ചുഅമേരിക്കന്‍ പ്രതിരോധ സെക്രട്ടറി സൌദി സന്ദര്‍ശിച്ചു
|സല്‍മാന്‍ രാജാവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് സൌദി അറേബ്യ സന്ദര്‍ശിച്ചു. സല്‍മാന്‍ രാജാവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രതിരോധ രംഗത്തെ സഹകരണവും മേഖലയിലെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങളും ചര്‍ച്ചയായി. മേഖലയിലെ അസ്വസ്ഥ പ്രദേശങ്ങളിലെല്ലാം ഇറാന്റെ ഇടപെടല്‍ പ്രകടമാണെന്ന് ജെയിംസ് മാറ്റിസ് പറഞ്ഞു.
ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ച സൌദിയിലെത്തിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാത്തീസിനെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു. റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഭരണതലത്തിലും രാജകുടുംബത്തിലുമുള്ള ഉന്നതരം സംബന്ധിച്ചു. ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങളും പ്രതിരോധ രംഗത്തെ സൗദി, അമേരിക്കന്‍ സഹകരണവും മേഖലയിലെ സുരക്ഷ, രാഷ്ട്രീയ സാഹചര്യവും കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി സൌദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജാവുമായുള്ള കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍, വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ഡോ. ആദില്‍ അത്തുറൈഫി, സൗദിയിലെ അമേരിക്കന്‍ അംബാസഡര്‍ ക്രിസ്റ്റഫര്‍ ഹെന്‍സല്‍, അമേരിക്കന്‍ ദേശീയ സുരക്ഷ സഹ ഉപദേഷ്ടാവ് ദീന പോള്‍, സീനീയര്‍ ഉപദേഷ്ടാവ് സാലി ഡോണ്‍ലി, ഉന്നത സൈനിക മേധാവി ക്രിഗ് ഫോളാര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സൌദി രണ്ടാം കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും ജെയിംസ് മാത്തീസ് കൂടിക്കാഴ്ച നടത്തി. മേഖലയില്‍ പ്രശ്നബാധിത പ്രദേശങ്ങളിലെല്ലാം ഇറാന്റെ ഇടപെടല്‍ വ്യക്തമാണെന്നും ജെയിംസ് മാത്തീസ് പറഞ്ഞു. യമനില്‍ ഇത് പ്രകടമാണ്. ഇറാന്‍ നിര്‍മിത മിസൈലുകളാണ് ഹൂതി വിഘടനവാദികള്‍ സൗദിക്ക് നേരെ വിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ പര്യടനത്തിന്റെ ഭാഗമായി സൗദിക്ക് പുറമെ ഖത്തര്‍, ഈജിപ്ത്, ഇസ്രായേല്‍, ജിബൂത്തി എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.