< Back
Gulf
ഖത്തറില്‍ തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ലഘൂകരിച്ച കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം ഖത്തറില്‍ തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ലഘൂകരിച്ച കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം 
Gulf

ഖത്തറില്‍ തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ലഘൂകരിച്ച കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം 

rishad
|
3 Dec 2017 12:58 AM IST

നിയമം ഉപദേശക സമിതിയുടെ അംഗീകാരത്തിനായി കൈമാറി. മന്ത്രാലയത്തിന് കീഴില്‍ തൊഴില്‍ തര്‍ക്ക പരിഹാര സമിതികള്‍ രൂപവത്കരിക്കാനും അനുമതി

ഖത്തറില്‍ തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനായി തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ലഘൂകരിച്ചുകൊണ്ടുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു . നിയമം ഉപദേശക സമിതിയുടെ അംഗീകാരത്തിനായി കൈമാറി. മന്ത്രാലയത്തിന് കീഴില്‍ തൊഴില്‍ തര്‍ക്ക പരിഹാര സമിതികള്‍ രൂപവത്കരിക്കാനും അനുമതി.

ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട 1990ലെ സിവില്‍, വാണിജ്യ ചട്ടങ്ങളിലെ പതിമൂന്നാം നമ്പര്‍ നിയമത്തിലേയും 2004ലെ പതിനാലാം നമ്പര്‍ നിയമത്തിലേയും വകുപ്പുകള്‍ ഭേദഗതി ചെയ്താണ് കരട് നിയമം തയ്യാറാക്കിയത്. കരട് നിയമം ഉപദേശക സമിതിയുടെ അംഗീകാരത്തിനായി കൈമാറി.

നിയമ പ്രകാരം തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനായി തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ തൊഴില്‍ തര്‍ക്ക പരിഹാര സമിതികള്‍ രൂപവത്കരിക്കാന്‍ അനുമതിയുണ്ട്. തൊഴിലുടമക്കെതിരെ തൊഴിലാളികള്‍ വ്യക്തിപരമായി സമര്‍പ്പിക്കുന്ന പരാതികളാണ് സമിതിയുടെ പരിധിയില്‍ വരുന്നത്. പരമാവധി രമ്യതയോടെ സമിതി പരാതി പരിഹരിക്കും. തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഇരുകക്ഷികളുടേയും അവകാശം സംരക്ഷിച്ചുകൊണ്ടായിരിക്കും പരിഹാരം നിര്‍ദേശിക്കുക. പരാതിയില്‍ പരിഹാരം കാണാനുള്ള സമയം മൂന്നാഴ്ചയാണ്.

പുതിയ നിയമ പ്രകാരം രാജ്യത്തെ സ്വയം തൊഴില്‍ സംരഭകരും വാണിജ്യ മന്ത്രാലയത്തിന്റെ രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഏകീകൃത സാമ്പത്തിക നമ്പര്‍ നല്‍കും. കൂടാതെ സ്വദേശികളുടെയും പ്രവാസികളുടേയും ഉടമസ്ഥതയിലുള്ള എല്ലാ സാമ്പത്തിക സ്ഥാപനങ്ങളും തങ്ങളുടെ ഇടപാടുകള്‍ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ സമര്‍പ്പിക്കണം.

Related Tags :
Similar Posts