സൌദിയില്‍ ടെലികോം സ്വദേശിവത്കരണം; ആദ്യ ഘട്ടത്തിന് നാളെ തുടക്കംസൌദിയില്‍ ടെലികോം സ്വദേശിവത്കരണം; ആദ്യ ഘട്ടത്തിന് നാളെ തുടക്കം
|സൌദി അറേബ്യയില്‍ ടെലികോം മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് നാളെ തുടക്കമാവും.
സൌദി അറേബ്യയില്‍ ടെലികോം മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് നാളെ തുടക്കമാവും. മൊബൈല്‍ ഫോണ്‍ വില്‍പ്പന കേന്ദ്രങ്ങളിലും റിപ്പയറിംങ് സെന്ററുകളിലും നാളെ മുതല്‍ 50 ശതമാനം തൊഴിലാളികള്‍ സൌദി പൌരന്‍മാരായിരിക്കണമെന്നാണ് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം. പരിശീലനം പൂര്‍ത്തിയാക്കിയ നിരവധി സ്വദേശി യുവതീ യുവാക്കള്‍ ഇന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കും.
ആറ് മാസത്തെ കാലയളവ് നല്‍കിയാണ് മൊബൈല്‍ ഫോണ്‍ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ സൌദി തൊഴില്‍ വകുപ്പ് നിര്‍ദേശം നല്‍കിയത്. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന സ്വദേശി വത്കരണത്തിന്റെ ആദ്യ ഘട്ടം റമദാന്‍ ഒന്നായ തിങ്കളാഴ്ച ആരംഭിക്കും. സെപ്തംബര്‍ അഞ്ചിനകം സമ്പൂര്‍ണ സ്വദേശിവത്കരണമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് മറ്റ് മേഖലകളിലേക്ക് തൊഴില്‍ മാറ്റത്തിന് അനുമതി നല്‍കിയിരുന്നു. എട്ടാഴ്ച നീണ്ട പരിശീലനത്തിന് ശേഷമാണ് സൌദി യുവാക്കള്‍ ഈ മേഖലയിലേക്ക് ജോലി ചെയ്യാനെത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങിലുള്ള വെക്കേഷണല്‍ ട്രെയിനിംങ് ഇന്‍സ്റ്റിറ്റ്യൂട്ട്യൂകളില്‍ നിന്നായി അറുപതിനായിരത്തോളം പേര്‍ പരിശീലനം നേടിയിട്ടുണ്ട്. സ്വദേശി തൊഴിലില്ലായ്മ പരിഹരിക്കുന്നതോടൊപ്പം യുവാക്കള്‍ക്ക് സ്വന്തമായി ബിസിനസ് സംരഭം നടത്താനുള്ള അവസരം കൂടിയാണ് തൊഴില്‍ വകുപ്പ് നല്‍കുന്നത്. നിലവില്‍ നടക്കുന്ന ബിനാമി ബിസിനസ് അവസാനിപ്പാക്കാനും സ്വദേശിവത്കരണം സഹായിക്കും.
അതേസമയം മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശികള്‍ക്കാണ് ഇതോടെ തൊഴില്‍ നഷ്ടമാവുന്നത്. ചിലര്‍ ഇതിനകം മറ്റു മേഖലകളിലേക്ക് തൊഴില്‍ മാറി. സ്ഥാപനം അടച്ച് നാട്ടിലേക്ക് പോയവരും ഉണ്ട്. പരിശോധന ആരംഭിക്കുന്നതോടെ മറ്റ് മേഖലകളിലേക്ക് മാറാം എന്ന പ്രതീക്ഷയില്‍ കഴിയുന്നവരുമുണ്ട്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പത്തോളം സര്‍ക്കാര്‍ ഏജന്‍സികളാണ് സ്വദേശിവത്കരണം നടപ്പാന്‍ രംഗത്തുള്ളത്. നാളെ മുതല്‍ കടകളില്‍ പരിശോധന ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.