കുവൈത്തിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചുകുവൈത്തിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു
|സ്ഥാനാർത്ഥികളിൽ നിന്ന് ബുധനാഴ്ച മുതൽ നാമനിർദേശ പത്രിക സ്വീകരിച്ചു

കുവൈത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു. സ്ഥാനാർത്ഥികളിൽ നിന്ന് ബുധനാഴ്ച മുതൽ നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 12ന് മുൻപ് പുതിയ പാര്‍ലമെന്‍റ് നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ
ഒക്ടോബര്‍ 28 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി. ശുവൈഖ് പാര്‍പ്പിട മേഖലയിലെ മുഖ്യ തെരഞ്ഞെടുപ്പ് കാര്യാലയത്തിലാണ് നാമനിർദേശ പത്രികകള്‍ സ്വീകരിക്കുക. പൗരത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സത്യവാങ്‌മൂലവും അമ്പത് ദിനാറുമാണ് നാമനിര്‍ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ഥികള്‍ നല്‍കേണ്ടത്. 30 വയസ്സ് പൂർത്തിയായ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ള കുവൈത്ത് പൗരന്മാരെയാണ് മത്സരിക്കാൻ അനുവദിക്കുക അറബി ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കുക, കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടാത്ത ആളായിരിക്കുക തുടങ്ങിയവയാണ് നാമനിർദേശം പരിഗണിക്കാനുള്ള മറ്റു നിബന്ധനകൾ.
ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ പത്രിക സമര്‍പ്പിച്ചവര്‍ നിശ്ചിത സമയത്തിനുള്ളില്‍ മറ്റിടങ്ങളിലെ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ സ്ഥാനാര്‍ഥിത്വം അസാധുവാകും. മന്ത്രിമാര്‍, ജഡ്ജിമാര്‍, പ്രോസിക്യൂഷന്‍ അംഗങ്ങള്‍, പോലീസ് സൈനിക ഉദ്യോഗസ്ഥർ, ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ അംഗങ്ങള്‍ എന്നിവര്‍ പദവികളില്‍ നിന്ന് രാജി വെക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.
നവംബര്‍ 26ന് ആണ് പൊതു തെരഞ്ഞെടുപ്പ്. അന്ന് തന്നെ ഫലപ്രഖ്യാപനം ഉണ്ടാകും. ഡിസംബര്‍ 12ന് മുൻപ് പുതിയ പാര്‍ലമെന്‍റ് അധികാരം ഏല്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.