< Back
Gulf
വൈദ്യുതി നിരക്കുവര്‍ധനക്ക് കുവൈത്ത് പാര്‍ലിമെന്റ് ധനകാര്യ സമിതിയുടെ തിരുത്ത്വൈദ്യുതി നിരക്കുവര്‍ധനക്ക് കുവൈത്ത് പാര്‍ലിമെന്റ് ധനകാര്യ സമിതിയുടെ തിരുത്ത്
Gulf

വൈദ്യുതി നിരക്കുവര്‍ധനക്ക് കുവൈത്ത് പാര്‍ലിമെന്റ് ധനകാര്യ സമിതിയുടെ തിരുത്ത്

admin
|
5 April 2018 6:58 PM IST

സ്വദേശികള്‍ക്ക് പ്രയാസം സൃഷ്ടിക്കാത്ത രീതിയില്‍ ഭേദഗതി വരുത്തിയ താരിഫ് സമിതി സര്‍ക്കാരിനു സമര്‍പ്പിച്ചു ബുധനാഴ്ചക്കുള്ളില്‍ അന്തിമ നിലപാട് അറിയിക്കണമെന്ന നിര്‍ദേശത്തോടെയാണ് പുതിയ നിരക്കുകള്‍ സമര്‍പ്പിച്ചത്...

കുവൈറ്റില്‍ വൈദ്യുതി നിരക്കു വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശത്തിനു പാര്‍ലിമെന്റ് ധനകാര്യ സമിതിയുടെ തിരുത്ത്. സ്വദേശികള്‍ക്ക് പ്രയാസം സൃഷ്ടിക്കാത്ത രീതിയില്‍ ഭേദഗതി വരുത്തിയ താരിഫ് സമിതി സര്‍ക്കാരിനു സമര്‍പ്പിച്ചു ബുധനാഴ്ചക്കുള്ളില്‍ അന്തിമ നിലപാട് അറിയിക്കണമെന്ന നിര്‍ദേശത്തോടെയാണ് പുതിയ നിരക്കുകള്‍ സമര്‍പ്പിച്ചത്. അതെ സമയം വിദേശികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം തന്നെ നിരക്ക് വര്‍ദ്ധന ആകാമെന്നും ധനകാര്യ സമിതി അറിയിച്ചു.

എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നടപ്പാകാന്‍ ശ്രമിക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്ക് വര്‍ദ്ധന. നിലവില്‍ സ്വദേശി വിദേശി വ്യത്യാസമില്ലാതെ കിലോവാട്ടിനു രണ്ട് ഫില്‍സ് തോതില്‍ സബ്‌സിഡിനിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുന്നത്. സ്വദേശി ഭവനങ്ങള്‍ക്ക് 3000 കിലോ വാട്ട് വരെയുള്ള ഉപഭോഗത്തിനു 5 ഫില്‍സു തോതിലും 3000 മുതല്‍ 6000 വരെ 8 ഫില്‍സ് തോതിലും 6000 മുതല്‍ 9000 കിലോവാട്ട് വരെ 10 ഫില്‍സ് തോതിലും 9000 കിലോ വാട്ടിന് മുകളില്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് കിലോ വാട്ടിന് 15 ഫില്‍സ് തോതിലും ഈടാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

കുറഞ്ഞ വരുമാനക്കാരായ സ്വദേശികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ധനകാര്യ, സാമ്പത്തിക കാര്യ സമിതി നിരക്ക് നിര്‍ദേശം തിരുത്തിയത്. സ്വദേശികള്‍ക്ക് 6000 കിലോ വാട്ട് വരെ നിലവിലെ 2 ഫില്‍സ് തോതില്‍ തന്നെ വൈദ്യുതി ലഭ്യമാക്കണമെന്നും ഉപഭോഗം 6000ത്തില്‍ കൂടിയാല്‍ കിലോ വാട്ടിന് 5 ഫില്‍സ് നിരക്ക് ഈടാക്കാമെന്നുമാണ് സമിതിയുടെ ബദല്‍ നിര്‍ദേശം. ബുധനാഴ്ചക്കുള്ളില്‍ തിരുത്ത് സംബന്ധിച്ച അന്തിമ നിലപാട് അറിയിക്കണമെന്നു സര്‍ക്കാറിനോട് ആവശ്യപെട്ടതായി സമിതി ചെയര്‍മാന്‍ ഫൈസല്‍ അല ഷായെ എം പി പറഞ്ഞു.

ധനകാര്യ സമിതി മുന്നോട്ടു വെച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചാല്‍ ഈ മാസംതന്നെ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വന്നേക്കും സ്വദേശിഭവനങ്ങളില്‍ ഭൂരിഭാഗവും മാസത്തില്‍ 6000 കിലോവാട്ടില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാത്തവരായതിനാല്‍ നിരക്ക് വര്‍ദ്ധന സ്വദേശികളെ കാര്യമായി ബാധികാനിടയില്ല 2000 കിലോ വാട്ട് വരെ 10 ഫില്‍സ് തോതിലും 2000 കിലോ വാറ്റിനു മുകളില്‍ 15 ഫില്‍സ് തോതിലും ആണ് വിദേശി ഫ്‌ളാറ്റുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് വര്‍ദ്ധന. ഇക്കാര്യത്തില്‍ ധനകാര്യ സമിതിതിരുത്തലുകള്‍ ഒന്നും വരുത്തിയിട്ടില്ലാത്തതിനാല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധന പ്രഹരമാകുക വിദേശി സമൂഹത്തിനു തന്നെയാകും.

Related Tags :
Similar Posts