< Back
Gulf
ഗള്‍ഫ് രാജ്യങ്ങളില്‍ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നിര്‍ബന്ധമാക്കുംഗള്‍ഫ് രാജ്യങ്ങളില്‍ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നിര്‍ബന്ധമാക്കും
Gulf

ഗള്‍ഫ് രാജ്യങ്ങളില്‍ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നിര്‍ബന്ധമാക്കും

Jaisy
|
12 April 2018 6:37 AM IST

തെരഞ്ഞെടുത്ത ഇതര വസ്തുക്കള്‍ക്കുള്ള ടാക്സ് (സെലക്ടീവ് ടാക്സ്) 2017ലും വാറ്റ് 2018ലും നടപ്പില്‍ വരുന്നതിന്റെ മുന്നോടിയായാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ഇന്‍വോയ്സിങ് നിര്‍ബന്ധമാക്കുന്നതെന്ന് മന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താത്ത പ്രതിനിധി അറിയിച്ചു

സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നിര്‍ബന്ധമാക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുത്ത ഇതര വസ്തുക്കള്‍ക്കുള്ള ടാക്സ് (സെലക്ടീവ് ടാക്സ്) 2017ലും വാറ്റ് 2018ലും നടപ്പില്‍ വരുന്നതിന്റെ മുന്നോടിയായാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ഇന്‍വോയ്സിങ് നിര്‍ബന്ധമാക്കുന്നതെന്ന് മന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താത്ത പ്രതിനിധി അറിയിച്ചു.

അഞ്ച് ശതമാനം വാറ്റ് (വാല്യൂ ആഡഡ് ടാക്സ്), 50 മുതല്‍ 100 ശതമാനം വരെ തെരഞ്ഞെടുത്ത വസ്തുക്കള്‍ക്ക് ടാക്സ് എന്നിവയാണ് ജി.സി.സി രാജ്യങ്ങളില്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ തെരഞ്ഞെടുത്ത ഇതര വസ്തുക്കള്‍ക്കുള്ള ടാക്സ് (സെലക്ടീവ് ടാക്സ്) 2017ല്‍ പ്രാബല്യത്തില്‍ വരും. പുകയില ഉല്‍പന്നങ്ങള്‍ സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവക്ക് 50 ശതമാനം ടാക്സും പവര്‍ ഡ്രിങ്ക്സിന് 100 ശതമാനം ടാക്സുമാണ് അടുത്ത വര്‍ഷം മുതല്‍ ചുമത്തുക. അഞ്ച് ശതമാനം വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) 2018 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്റെ മുന്നോടിയായി സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ പുതിയ ഹിജ്റ വര്‍ഷം (ഒക്ടോബര്‍ രണ്ട്) മുതല്‍ ഇലക്ട്രോണി ബില്ലിംഗ് നിര്‍ബന്ധമാക്കും. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ ബില്ലിങ് സംവിധാനത്തിലേക്ക് മാറാനുള്ള മതിയായ സാവകാശം അനുവദിക്കുമെന്നും വാണിജ്യ മന്ത്രാലയ പ്രതിനിധി പറഞ്ഞു.

ഇലക്ട്രോണിക് ബില്ലിങ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഒരു മാസം മുമ്പ് സൗദി ചേമ്പറകള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്. സൗദി ധനകാര്യ മന്ത്രാലയത്തിന് കീഴിലെ സകാത്ത് ആന്റ് ഇന്‍കം ടാക്സ് വകുപ്പാണ് ടാക്സുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുക. ഇതിനായി വിറ്റുവരവ് രേഖകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ സൂക്ഷിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ചേമ്പറുകള്‍ക്ക് നല്‍കിയ വിവരമനുസരിച്ച് ലക്ഷം റിയാല്‍ മൂലധനത്തില്‍ കുറഞ്ഞ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. ടാക്സ് വെട്ടിപ്പ് തടയാന്‍ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം അനിവാര്യമാണെന്ന് മന്ത്രാലയ പ്രതിനിധി വിശദീകരിച്ചു.

Similar Posts