കൈക്കൂലി നൽകിയ കേസിൽ മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്ക് യാത്രാവിലക്ക്കൈക്കൂലി നൽകിയ കേസിൽ മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്ക് യാത്രാവിലക്ക്
|കേസ് പ്രോസിക്യൂഷന് കൈമാറിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു
കുവൈത്തില്‍ റിസ്ക് അലവൻസ് ലഭിക്കാൻ കൈക്കൂലി നൽകിയ കേസിൽ മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്ക് യാത്രാവിലക്ക്. ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ മെറ്റേർണിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്ന 50 നഴ്‌സുമാരാണ് കേസിൽ കൈക്കൂലിക്കേസിൽ കുടുങ്ങിയത് . കേസ് പ്രോസിക്യൂഷന് കൈമാറിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഓരോ ആശുപത്രിയിലെയും ഭരണ നിർവഹണ വിഭാഗം നൽകുന്ന ശിപാർശക്കനുസരിച്ചാണ് ആരോഗ്യമന്ത്രാലയം നഴ്‌സുമാർക്ക് റിസ്ക് അലവൻസ് അനുവദിക്കുന്നത് . വാർഡ് ഡ്യൂട്ടിയിലുള്ളവർക്കു 35 ദിനാറും . ഐസിയുവിൽ 70 ദിനാറും കീമോ വാർഡുകളിൽ 105 ദിനാറുമാണ് റിസ്ക് അലവൻസ് നിരക്ക് ഇത് എളുപ്പത്തില്‍ ലഭ്യമാക്കാൻ നഴ്‌സുമാരിൽ നിന്ന് ഒരാൾക്ക് 100 ദിനാര്‍ വീതം ഭരണവകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്നാണ് കേസ് . നേരത്തെ അപേക്ഷിച്ചവരെ പരിഗണിക്കാതെ പുതിയ ആളുകൾക്ക് അലവന്‍സ് അനുവദിച്ചതു മറ്റു നഴ്‌സുമാർ ചോദ്യം ചെയ്തപ്പോഴാണ് കൈക്കൂലിക്കാര്യം പുറത്തായത് . സംഭവം വിവാദമായതോടെ കൈക്കൂലി വാങ്ങിയ ഈജിപ്തുകാരനായ ഉദ്യോഗസ്ഥൻ രാജ്യം വിട്ടു . തുടർന്നു ആരോഗ്യമന്ത്രാലയം നിയമ നടപടികളിലേക്ക് നീങ്ങിയതോടെയാണ് പണം നൽകിയ മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാർക്ക് യാത്രാവിലക്ക് നേരിട്ടത്. അതേസമയം ജോലി സുരക്ഷ ഉറപ്പാക്കുന്നതിനായി വകുപ്പ് മേധാവികൾക്ക് കൊടുക്കാനെന്ന പേരിലാണ് ഉദ്യോഗസ്ഥൻ പണം വാങ്ങിയതെന്നും തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നു എന്നുമാണ് നഴ്‌സുമാരുടെ വാദം . 5000 ദീനാറിൽ കൂടുതൽ ഉദ്യോഗസ്ഥൻ കൈവശപ്പെടുത്തിയിട്ടുണ്ടെന്നും നഴ്സുമാർ പറഞ്ഞു. കൈക്കൂലി വാങ്ങിയ ഈജിപ്തുകാരനെതിരെയും ഇയാളുടെ നടപടിക്ക് കൂട്ടുനിന്നതായി സംശയിക്കുന്ന മറ്റു ഉദ്യോഗസ്ഥർക്കെതിരെയും ആരോഗ്യമന്ത്രാലയം പ്രോസിക്യൂഷനിൽ പരാതി നൽകിയിട്ടുണ്ട്